മുംബൈ: ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയ് ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രൺവീറിന്റെ മാനേജരുടെ വാട്സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയ് സംഘം വാഗ്ദാനം ചെയ്തിരുന്നത്.
ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും നടൻ സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പിലും പ്രതിയായ ശുഭം ലോങ്കറിന് രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി അവിടെയിരുന്നാണ് തന്റെ സംഘത്തെ നിയന്ത്രിക്കുന്നത്. കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുറമെ ലഹരിമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഈ സംഘത്തിനു പങ്കുണ്ട്.
