മധുര: തമിഴ്നാട്ടിലെ പ്ലസ് വൺ വിദ്യാർഥിയുടെ മരണം ദുരഭിമാനക്കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മധുര ആനയൂരിൽ പരിക്കേറ്റ നിലയിൽ പ്ലസ് വൺ വിദ്യാർഥിയായ തമിഴ്സെൽവന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. മധുര ആരപാളയം സ്കൂളിലെ വിദ്യാർഥിയായ തമിഴ്സെൽവനു മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ചയാണ് തമിഴ്സെൽവനെ കാണാതായത്. ക്രിക്കറ്റ് കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ അമ്മ യോഗലക്ഷ്മി പൊലിസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ചയാണ് വിദ്യാർഥിയുടെ മൃതദേഹം ആനയൂർ അബ്ദുൾ കലാം സ്ട്രീറ്റിലെ ഒരു പന്പിംഗ് സ്റ്റേഷനു സമീപം കണ്ടെത്തിയത്.
