ഭര്‍ത്താവ് ജയിലില്‍ പോയപ്പോള്‍ സന്തോഷുമായി വഴിവിട്ട ബന്ധം; ഭര്‍ത്താവ് വീട്ടിലില്ലെന്നു പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തിയത് കുഞ്ഞുമോള്‍; കോട്ടയം മാങ്ങാനത്തെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു

കോട്ടയം മാങ്ങാനത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായി. കൊല്ലപ്പെട്ടത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) ആണെന്നും ഇയാളെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കരുതുന്നത്. ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ ഭാര്യയില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. വിനോദിനെയും ഭാര്യയെയും രണ്ട് മുറിയില്‍ നിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് സംബന്ധിച്ച തെളിവ് ലഭിച്ചത്.

കുഞ്ഞുമോളുടെ മൊഴി ഇങ്ങനെ: ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് പറഞ്ഞിട്ട് കുഞ്ഞുമോള്‍ സന്തോഷിനെ വിളിച്ചത്. സന്തോഷിന്റെ ഫോണിലേക്ക് ഏറ്റവും ഒടുവില്‍ വന്ന കോള്‍ ഇതായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോള്‍ എടുത്തത് സന്തോഷിന്റെ പിതാവാണ്. വിനോദ് വിട്ടിലില്ലെന്നും ഒന്നു വരണമെന്നുമാണ് കുഞ്ഞുമോള്‍ അറിയിച്ചത്. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു. കുഞ്ഞുമോളുടെ മൊഴിയില്‍ ഇത്രയേ പറയുന്നുള്ളുവെങ്കിലും കൊല നടത്തിയത് വിനോദ് ആയിരിക്കാമെന്നും കുഞ്ഞുമോള്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞുമോള്‍ വിളിച്ച പ്രകാരം വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ വീട്ടില്‍ കൊല നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്തു വച്ചാകാം കൊന്നതെന്നു കരുതുന്നു.

വിനോദ് ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും സഹായിച്ചോ എന്നും അറിയേണ്ടതുണ്ട്. പിതാവിനെ കൊന്ന കേസില്‍ ചെമ്പന്‍ വിനോദ് ജയിലിലായപ്പോള്‍ സന്തോഷ് ഭാര്യയുമായി അടുത്താണ് കൊലയ്ക്ക് കാരണമെന്നും കരുതുന്നു. അതാണ് വിനോദ് വീട്ടിലില്ലെന്നും വരണമെന്നും കുഞ്ഞുമോള്‍ ഫോണിലൂടെ അറിയിച്ചപ്പോള്‍ സന്തോഷ് വന്നതെന്നും കരുതുന്നു. കുഞ്ഞുമോളുടെ മൊഴി പ്രകാരം ബുധനാഴ്ച കൊല നടത്തിയതാണെങ്കില്‍ പോലീസ് കരുതുന്നതുപോലെ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം എ്ന്നത് ശരിയാകും. എന്നാല്‍ കൊല നടത്തിയത് എവിടെ വച്ച് ? എങ്ങനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.

കോട്ടയം പുതുപ്പള്ളി റോഡില്‍ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ തല കണ്ടെത്താനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. നാലുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിക്കുന്ന നിലയിലാണ്. ഒരു ചാക്കില്‍ കഴുത്തു മുതല്‍ അര വരെയുള്ള ഭാഗങ്ങളും അടുത്ത ചാക്കില്‍ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.30ഓടെ പ്രദേശവാസി ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്.

കനത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് റോഡരികിലെ പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകള്‍ കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധമുണ്ടെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ദുര്‍ഗന്ധം രൂക്ഷമായത്. തുടര്‍ന്നാണ് ഇന്നലെ രാവിലെ ഇവിടെ പ്രദേശവാസി പരിശോധന നടത്തിയത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. അഴുകിയ ശരീരമായതിനാല്‍ ദുര്‍ഗന്ധം രുക്ഷമായിരുന്നു. കൊല്ലപ്പെട്ടത്് 40 വയസില്‍ താഴെ പ്രായമുള്ള പുരുഷനാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെഷീന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്.

കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്നും പോലീസ് സംശയിക്കുന്നു. നീലവരയന്‍ ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിന് മുകളില്‍ മടക്കിവച്ചിട്ടുണ്ട്. കാല്‍ഭാഗങ്ങള്‍ കണ്ടെത്തിയ ചാക്കിനുള്ളില്‍ നിന്നും കാവിമുണ്ടും ഒരു വള്ളിചെരുപ്പും ലഭിച്ചു. വലത് കാലിന്റെ കണ്ണയോട് ചേര്‍ന്ന് മുറിഞ്ഞപോലെത്തെ പാടുകള്‍ കാണാം. പൂര്‍ണമായും അഴുകിയതിനാല്‍ മൃതദേഹത്തിലെ മറ്റ് അടയാളങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നും പോലീസ് കണക്കുകൂട്ടുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ പഴകിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആരുടെതാണെന്നു കണ്ടെത്താനാകു.

കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ചുമതലയുള്ള കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന്റെ പഴക്കംമൂലം തെളിവുകള്‍ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ തലയ്ക്കായി പ്രദേശത്തിന്റെ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. ഇന്നലെ തന്നെ പോലീസ് ഇവിടുത്തെ കുറ്റിക്കാടുകള്‍ പൂര്‍ണമായും നീക്കം ചെയ്തു.

Related posts