ലേഡി സൂപ്പര്‍സ്റ്റാറിനെയും ചോദ്യം ചെയ്തു ? സംശയത്തിന്റെ മുന സംവിധായകന്‍ ശ്രീകുമാര്‍ മേനോനിലേക്കും; സ്ഥിരീകരിക്കാതെ പോലീസ്; മഞ്ജുവിനെതിരായ പ്രചാരണം കേസ് അട്ടിമറിക്കാനെന്ന് സൂചന

sreekumar-600കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിജിപി ബി സന്ധ്യ നേരിട്ടാണ് മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ദിലീപിനെ മാത്രമല്ല സംശയിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ദിലീപിന്റെ പരാതിയിലാണോ ചോദ്യം ചെയ്‌തെന്നും വ്യക്തമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ഇല്ലാതെയാണ് വാര്‍ത്ത. എന്നാല്‍ നടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഏതായാലും ദിലീപിന്റെ പരാതിയിലും അന്വേഷണം നടക്കുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദിലീപിന്റെ മൊഴിയെടുക്കുന്നതിന് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്തതെന്നാണ് വാര്‍ത്ത. ശ്രീകുമാറിനേയും പൊലീസിന് ചില സംശയങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. മോഹന്‍ലാലിന്റെ ബ്രഹമാണ്ഡ ചിത്രമായ രണ്ടാമൂഴത്തിന്റേയും ഒടിയന്റേയും അണിയറ പ്രവര്‍ത്തനത്തിലാണ് ശ്രീകുമാര്‍ ഇപ്പോള്‍.

തന്നെ ലക്ഷ്യമാക്കിയുള്ള ഗൂഢാലോചനയുടെ ഉറവിടം മുംബൈ ആണെന്ന് ദിലീപ് മുമ്പ് പറഞ്ഞിരുന്നു. ഇത് പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ശ്രീകുമാറിനെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മഞ്ജുവിനും ശ്രീകുമാറിനും എതിരായ വാര്‍ത്ത ശ്രദ്ധേയമാകുന്നതും. ദിലീപുമായി വിവാഹമോചിതയായ മഞ്ജുവിനെ പരസ്യ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ സജീവമാക്കിയത് ശ്രീകുമാറാണ്. ശ്രീകുമാറിന്റെ കന്നി ചിത്രമായ ഒടിയനില്‍ നായികയും മഞ്ജുവാണ്. രണ്ടാമൂഴത്തിലും മഞ്ജുവിന് മികച്ച റോളുണ്ടെന്ന സൂചനയുണ്ട്. ഇവരുടെ സൗഹൃദവും ചര്‍ച്ചയാക്കാനാണ് പുതിയ വാര്‍ത്തയെന്നാണ് സൂചന.

മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും സുഹൃത്തുക്കളാണ്. ആലുവ പോലീസ് ക്ലബില്‍ വച്ച് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതിനു ശേഷമാണ് അന്വേഷണം ദിലീപിലേക്കെത്തിയത്. മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വിമെന്‍ ഇന്‍ കളക്ടീവ് എന്ന വനിതാ സംഘടനാ രൂപീകരിച്ച ശേഷമായിരുന്നു ഇതെല്ലാം സംഭവിച്ചത്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന അന്വേഷണം വേണമെന്ന് വനിതാ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മഞ്ജു ഉന്നയിച്ച പരാതികളില്‍ വ്യക്തത വരുത്താന്‍ എഡിജിപി സന്ധ്യ അവരെ കണ്ടിരുന്നോ എന്നും വ്യക്തതയില്ല. ഏതായാലും ഗൂഢാലോചന കേസ് വഴി തിരിയുകയാണെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.

Related posts