ചപ്പാരപ്പടവ്: റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനു സ്ഥലം വിട്ടു നൽകിയ കുടുംബങ്ങൾക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. ചുടല – അമ്മാനപ്പാറ- ചപ്പാരപ്പടവ് റോഡ് നിലവിലെ വീതി കൂട്ടി ഒമ്പത് മീറ്റർ വീതിയിൽ മെക്കാഡം റോഡ് ടാറിംഗ് പൂർത്തിയായി.
റോഡിന്റെ വികസനത്തിനായി ഇരുവശത്തെയും ഭൂഉടമകൾ സാജന്യമായി സ്ഥലം വിട്ടു നൽകുകയായിരുന്നു. 19 സെന്റിൽ ചെറിയൊരു വീടുണ്ടായിരുന്ന ചപ്പാരപ്പടവ് വിലേജ് ഓഫീസ് ജംഗ്ഷനു സമീപം പറക്കോട്ടെ എം.പി അബ്ദു സലാമും രണ്ടു സെന്റോളം വിട്ടു നൽകിയിരുന്നു. റോഡരികിൽ 50 മീറ്ററോളം നീളത്തിൽ സ്ഥലമാണ് നൽകിയത്.
തുടർന്ന് റോഡ് ഉയർത്തിയപ്പോൾ സലാമിന്റെ വീട് താഴ്ചയിലാവുകയും മേൽക്കൂരയോളം ചേർന്ന് റോഡിന്റെ അരിക് ഭിത്തി നിർമിക്കുകയും ചെയ്തു. വീടിനു സംരക്ഷണം ഒരുക്കുന്നതിനു റോഡിനും വീടിനും ഇടയിൽ സംരക്ഷണഭിത്തി പണിയണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
വീടിന്റെ മറുവശത്താവട്ടെ ചപ്പാരപ്പടവ് പുഴയാണ്. പുഴയിലേക്ക് വീട്ടിൽ നിന്ന് അഞ്ചു മീറ്ററോളം മാത്രമാണ് ദൂരം. മഴക്കാലത്ത് മലവെള്ളം മുറ്റത്തോളം എത്തും. മഴചെയ്താൽ ഉയരമുള്ള റോഡിൽ നിന്നു മഴ വെള്ളം മുഴുവൻ വീടിന്റെ ചുമരിൻമേലും ഗ്രിൽസിലൂടെ വീടിനകത്തേക്കും വീഴുന്നു.
റോഡിനും വീടിനും ഇടയിൽ സംരക്ഷണ ഭിത്തി പണിയുകയും സമീപത്തായി അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നും കുടുംബം നിർമാണ കരാറുകാരോടും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. എം.വി ഗോവിന്ദൻ എംഎൽഎക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുയാണ് അബ്ദുൾ സലാമും തൊട്ടടുത്ത അയൽവാസികളായ മറ്റു രണ്ടു കുടുംബങ്ങളും.
