ബാങ്കുകളിലെ അധികനിക്ഷേപം മുഴുവന്‍ കരുതല്‍ പണമാക്കി

rupee1മുംബൈ: ബാങ്കുകളില്‍ അസാധാരണമായി നിക്ഷേപം വര്‍ധിച്ച സാഹചര്യത്തില്‍ അധികം ലഭിച്ച തുകയത്രയും കരുതല്‍പണമായി സൂക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 11 വരെ ലഭിച്ച അധിക നിക്ഷേപങ്ങളാണ് ഇങ്ങനെ മാറ്റുന്നത്.

അസാധാരണ നടപടിയാണിത്. ബാങ്കുകള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള കരുതല്‍പണ അനുപാതം (സിആര്‍ആര്‍) നാലു ശതമാനമാണ്. ബാങ്കിലെ കാലാവധി നിക്ഷേപങ്ങളുടെയും സേവിംഗ്‌സ്/കറന്റ് നിക്ഷേപങ്ങളുടെയും നാലു ശതമാനം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതാണ്. ആ തുകയ്ക്ക് പലിശയില്ല. നടപടി താത്കാലികമാണെന്നും ഡിസംബര്‍ ഒമ്പതിനു പുനപരിശോധിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ഇപ്പോഴത്തെ നിര്‍ദേശം കറന്‍സി റദ്ദാക്കലിന് ഒന്നര മാസം മുന്‍പ് മുതലുള്ള നിക്ഷേപങ്ങള്‍ക്കു ബാധകമാണ്. നവംബര്‍ എട്ടിനാണ് കറന്‍സി റദ്ദാക്കല്‍. ഒന്‍പതിന് അവധിയായിരുന്നു. റദ്ദാക്കലിനുശേഷം 10, 11 തീയതികളില്‍ അടച്ച തുക അത്ര ഭീമമൊന്നുമല്ല. കഴിഞ്ഞ വെള്ളിയാഴ്ചവരെ ആറുലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ എത്തിയത്.

ഇപ്പോള്‍ പറഞ്ഞിട്ടുള്ളത് സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 11 വരെയുള്ള അധികനിക്ഷേപമത്രയും റിസര്‍വ് ബാങ്കില്‍ അടയ്ക്കാനാണ്. സെപ്റ്റംബര്‍ 16ന് 100.55 ലക്ഷം കോടിരൂപയായിരുന്നു ബാങ്കുകളിലെ മൊത്തനിക്ഷേപം. നവംബര്‍ 11ന് അത് 103.85 ലക്ഷം കോടിരൂപയായി. 3.3 ലക്ഷം കോടിരൂപയാണ് അധികനിക്ഷേപം. ഇത്രയും റിസര്‍വ് ബാങ്കില്‍ അടയ്ക്കണം.

ഈ തുകയ്ക്ക് ബാങ്ക് കുറഞ്ഞത് നാലു ശതമാനം വാര്‍ഷിക പലിശ നല്‍കേണ്ടതുണ്ട്. സിആര്‍ആര്‍ ആകുമ്പോള്‍ പലിശ കിട്ടില്ല. ബാങ്കുകള്‍ക്ക് നൂറുകണക്കിന് കോടി രൂപ നഷ്ടംവരും.

നവംബര്‍ 11നു ശേഷമുള്ള അധികനിക്ഷേപത്തെപ്പറ്റി റിസര്‍വ് ബാങ്ക് ഒന്നും പറഞ്ഞിട്ടില്ല. 11നു ശേഷം അഞ്ചു ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ എത്തി.

സിആര്‍ആര്‍ ആക്കി നിക്ഷേപം മാറ്റുന്നത് ബാങ്കിംഗില്‍ മൊത്തമുള്ള അമിതപണലഭ്യത എന്ന പ്രശ്‌നം പരിഹരിക്കും. അമിത പണലഭ്യത ഹ്രസ്വകാല പലിശനിരക്കുകളെ വല്ലാതെ ഉലയ്ക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ നടപടി.

ഇതിനിടെ അധികമാരും ശ്രദ്ധിക്കാത്ത ഒരുകാര്യം സെപ്റ്റംബര്‍ മാസത്തില്‍ ഉണ്ടായി. സെപ്റ്റംബര്‍ 16നും 30നുമിടയില്‍ 4.21 ലക്ഷം കോടിരൂപ ബാങ്കുകളില്‍ അധികനിക്ഷേപമായി എത്തി. അതില്‍ രണ്ടര ലക്ഷം കോടിയോളം രൂപ അടുത്ത രണ്ടാഴ്ചകൊണ്ട് പിന്‍വലിച്ചു. ഇത്രവലിയ നിക്ഷേപവര്‍ധനയും തുടര്‍ന്നുള്ള പിന്‍വലിക്കലും ശ്രദ്ധേയമാണ്. റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ പകുതി മുതലുള്ള തുകയത്രയും സിആര്‍ആര്‍ ആക്കാന്‍ പറഞ്ഞത് ഈ അസാധാരണ വര്‍ധന കണക്കിലെടുത്താണോ എന്നു വ്യക്തമല്ല. കറന്‍സി റദ്ദാക്കലിന്റെ പ്രത്യാഘാതം ഒഴിവാക്കാനാണെങ്കില്‍ നവംബറിലെ മാത്രം അധികനിക്ഷേപം കരുതല്‍ പണമാക്കിയാല്‍ മതിയാകുമായിരുന്നു. ബാങ്കുകളില്‍ ആറുലക്ഷം കോടിയിലധികം രൂപയുടെ അധികനിക്ഷേപം എത്തി.

Related posts