തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പിഎസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്കി. റിമാൻഡിലായി ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡംഗം അജികുമാറിനെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.
ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങള്‍ പാലിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയില്‍ നിന്ന് 2025 ല്‍ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയെന്ന കേസില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടൊയെന്ന് അറിയാനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നത്. പാളികളില്‍ നിന്നു 2025 ല്‍ സ്വര്‍ണം വേര്തിരിച്ചെടുത്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണം വേര്തിരിച്ചെടുത്തത്തില് ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് കൂടുതല്‍ വ്യക്തത വരുത്താനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതേ സമയം തന്നെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ശബരിമല കൊള്ള കേസില്‍ കുടുക്കിയെന്ന പ്രശാന്തിന്റെ ആരോപണം സിപിഎം മുഖവിലയ്ക്കെടുത്തിട്ടില്ല. സിപിഎം നേതാവ് ഇ.പി. ജയരാജന് വ്യക്തമാക്കിയത് തനിക്ക് അങ്ങനെ അഭിപ്രായമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു.
