ഒരു മാസം മുമ്പ് 14 വയസുകാരിയായ സഹോദരി തൂങ്ങി മരിച്ച സ്ഥലത്ത് ഒന്‍പതുകാരിയായ ശരണ്യയും, ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതു കണ്ടെന്നു വെളിപ്പെടുത്തിയ ശരണ്യയ്ക്കു സംഭവിച്ചതെന്ത്?

saranyaഒന്നര മാസത്തിനിടെയുണ്ടായ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണു കഴിഞ്ഞദിവസം വൈകീട്ട് ഏഴരയോടെ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ ഷാജിയാണു തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ ആദ്യം കണ്ടത്. ജനുവരി 12നു ശരണ്യയുടെ ചേച്ചി തൃപ്തി (14) യെ ഇതേ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശരണ്യയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം  വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഒന്നര മാസം മുമ്പു വീട്ടിനകത്തു വൈകീട്ട് 4.30 യോടെയാണു തൃപ്തിയെതൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആ ദിവസം മൂന്നരയോടെ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നതു കണ്ടതായി ശരണ്യ പൊലീസിനു മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എഎസ്പി പൂങ്കുഴലി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നാട്ടുകാരനായ ഒരാളെ  പോലിസ് ചോദ്യം ചെയ്തു വിട്ടയച്ചു. അട്ടംപള്ളം എല്‍പി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശരണ്യ. അസ്വാഭാവിക മരണം എന്ന നിലയിലാണു പൊലീസ് അന്വേഷണമെങ്കിലും ദുരൂഹത ശേഷിപ്പിക്കുന്നതാണു ശരണ്യയുടെ മരണം.

ഓടിട്ട ചെറിയ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ശരണ്യയ്ക്ക് ഒന്‍പതു വയസ് മാത്രമാണുള്ളത്. രണ്ടു മരണത്തിനു പിന്നിലും ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ അന്വേഷണവും കേസില്‍ നിര്‍ണായകമാകുമെന്നാണു വിലയിരുത്തില്‍. മരിച്ച ശരണ്യയുടെ അച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവും കൂലിപ്പണിക്കാരാണ്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മൂത്തകുട്ടി. ഇളയമകളും ഏഴുവയസുള്ള മകനും രണ്ടാം ഭര്‍ത്താവിന്റെ മക്കളാണ്. ഏഴുവര്‍ഷമായി ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് ഇവരുടെ താമസം. വാര്‍പ്പുപണിക്കാരായ ദമ്പതിമാര്‍ ജോലികഴിഞ്ഞ് മടങ്ങിവരുന്നതിന് ഏതാനും മിനിറ്റുകള്‍ക്കുമുമ്പാണ് രണ്ട് കുട്ടികളുടെയും മരണം നടന്നത്. രണ്ടവസരത്തിലും മുത്തശിയും ആണ്‍കുട്ടിയും ആടുമേക്കാന്‍ പോയിരുന്നതായി പറയുന്നു.

അതേസമയം, ശരണ്യയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ എംഎല്‍എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതേ സ്ഥലത്ത് 53 ദിവസം മുമ്പ് ശരണ്യയുടെ സഹോദരി ഏഴാംക്ലാസില്‍ പഠിക്കുന്ന ഋതികയും സമാനമായ രീതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഋതികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശരണ്യ സാക്ഷിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ പത്തു വയസുപോലും തികയാത്ത പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു. വീട്ടുകാര്‍ക്കു മരണത്തില്‍ സംശയവുമുണ്ട്.

Related posts