നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓഫീസിൽ നടന്ന ലൈംഗികപീഡനങ്ങളുടെയും വിദ്വേഷത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കമ്പനിയിലെ മുൻ ജീവനക്കാരിയാണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓഫീസിലെ ടീം ലീഡർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി മുൻ ജീവനക്കാരി പറഞ്ഞു.
ടീം ലീഡർമാരുടെ ക്യാബിനിലേക്ക് വനിതാ ജീവനക്കാരെ വിളിച്ചുവരുത്തി അശ്ലീല ഭാഷയിലാണു സംസാരിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്താൻ യുവതികളെ ഇവർ നിർബന്ധിച്ചിരുന്നു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താർ ഹൈന്ദവ ആചാരങ്ങളെ നിരന്തരം പരിഹസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ആഘോഷദിവസങ്ങളിൽ സാരി ധരിച്ചോ, പൊട്ടുതൊട്ടോ എത്തുന്നവരോട് ഇയാൾ മോശമായി സംസാരിക്കുമായിരുന്നു. നാസിക് ഓഫീസിലെ മറ്റൊരു ജീവനക്കാരനായിരുന്ന കൃഷ്ണ എന്നയാളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തി. ഇയാൾ രുദ്രാക്ഷ മാല ധരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാനിഷ്, റാസ എന്നിവർ ചേർന്നാണ് യുവതികളെ ഹോട്ടലുകളിലേക്കു വരാൻ നിർബന്ധിച്ചിരുന്നത്.
ഓഫീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ പേരിൽ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണപാത്രങ്ങൾ പോലും ഓഫീസിനു പുറത്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നു.
ടിസിഎസ് നാസിക് ബ്രാഞ്ചിലെ എട്ടു വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണിവ. സംഭവത്തിൽ കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണു പിടിയിലായത്. ഒരു വനിതാ ജീവനക്കാരിയെ കണ്ടെത്താനുണ്ട്. അറസ്റ്റിലായ എല്ലാവരെയും ടിസിഎസ് സസ്പെൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.
നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സംഭവം രാജ്യവ്യാപകമായി ചർച്ചയായതോടെ, വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ ഹർജി നൽകി.
നാസിക്കിൽ നടന്ന സംഘടിത മതപരിവർത്തന നീക്കം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
