കടലിനടിയിലെ കാഴ്ചകൾ കരയിലേക്കാൾ മനോഹരമാണ്. ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ലോകത്തേക്ക് എത്തപ്പെട്ട അനുഭൂതി ഒരിക്കലെങ്കിലും അനുഭവിച്ചറിയാൻ ആഗ്രഹമില്ലാത്ത ആരുമില്ല. കാലം മാറിയതോടെ കഥയും മാറി. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ മനുഷ്യന് കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലം ഇല്ല. കടലെങ്കിൽ കടൽ, ബഹിരാകാശമെങ്കിൽ ബഹിരാകാശം. എല്ലാത്തിലും മനുഷ്യൻ ഇന്ന് അവന്റെ കടന്നുചെല്ലൽ സാധ്യമാക്കി.
സമീപ കാലത്തായി ഏറെ ഡിമാൻഡ് ഉള്ള ഒന്നാണ് സ്കൂബ ഡൈവിംഗ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിക്കണമെന്ന് കരുതാത്തവർ ഇല്ല. എന്നാൽ സ്കൂബ ഡൈവിംഗിനിടെ തന്റെ ശരീരത്തിൽ മോശമായി ഇൻസ്ട്രക്ടർ സ്പർശിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മെഡിൻ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഈജിപ്തിലെ ഹുർഘദയിൽ സ്കൂബാ ഡൈവിംഗ് പരിശീലനത്തിനിടെയാണ് സംഭവം. പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതിന്റെ വീഡിയോയും അവർ തെളിവായി പുറത്തുവിട്ടിട്ടുണ്ട്.
‘പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ഇൻസ്ട്രക്ടർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പർശിച്ചു. സാധാരണ ഇൻസ്ട്രക്ടർമാർ നൽകാറുള്ള സുരക്ഷാ നിർദേശങ്ങളുടെ ഭാഗമായുള്ള സ്പർശനമായിരുന്നില്ല അത്’ എന്ന് വീഡിയോ പങ്കുവച്ച് യുവതി പറഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇന്നത്തെ കാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ദുരിതങ്ങളും വളരെ വലുതാണ്. ഇതിനെതിരെ ശക്തമായ നിയമങ്ങൾ വരണമെന്നാണ് പലരും പറഞ്ഞത്.
