സ്‌പോട്‌സിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങളെ സ്വാഗതം ചെയ്യുന്നു! പക്ഷേ ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്; ചില തുറന്നു പറച്ചിലുകളുമായി ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്‌

ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസിലിനും ബെല്‍ജിയന്‍ ഫുട്ബള്‍ ടീമംഗം റൊമേലു ലൂക്കാക്കുവും തങ്ങള്‍ വംശീയധിക്ഷേപത്തിന്റ ഇരകളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അവര്‍ക്ക് പുറകേ വംശീയ വിവേചനത്തിന്റെ ഇരയാണ് താനും എന്ന് വെളിപ്പെടുത്തി ടെന്നീസ് ഇതിഹാസ താരം സെറീന വില്ല്യംസ് രംഗത്തെത്തിയിരിക്കുന്നു.

ഉത്തേജക മരുന്നു പരിശോധനയിലാണ് താന്‍ വിവേചനം നേരിട്ടതായി താരം വെളിപ്പെടുത്തിയത്. യു.എസ് ആന്റി ഡോപിങ് ഏജന്‍സി തന്നെ മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നു എന്നാണ് സെറീനയുടെ ആരോപണം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സെറീനയുടെ പ്രതികരണം.

അമ്മയായ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ വിംബിള്‍ഡന്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി സംറീന രംഗത്തെത്തിയിരിക്കുന്നത്. ഉത്തേജക മരുന്ന് പരിശോധനയിലെ വിവേചനത്തെക്കുറിച്ച് സെറീന നേരത്തെയും പരാതിയുമായി രംഗത്തെത്തിയിരുന്നു.

‘എന്നെ കൂടുതല്‍ തവണ പരിശോധനക്ക് വിധേയമാക്കുന്നു. മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ തവണ ഞാനാണ് പരിശോധനയ്ക്ക് വിധേയമായത്. വിവേചനമല്ലാതെ ഇതെന്താണ്? ഇത് വിവേചനമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സ്‌പോര്‍ട്‌സിനെ ‘ശുദ്ധീകരിക്കാനുള്ള’ എന്തു മാര്‍ഗമാണെങ്കിലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറുമാണ്.’ ട്വീറ്റില്‍ സെറീന വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ഫ്ളോറിഡയില്‍ അവരുടെ വസതിയില്‍ യുഎസ് ഏജന്‍സി നടത്തിയ പരിശോധനയാണ് സെറീനയെ പ്രകോപിതയാക്കിയത്. സെറീനയെ 2018ല്‍ മാത്രം അഞ്ച് തവണ പരിശോധിച്ചെന്ന് ഡെഡ്‌സ്പിന്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. സെറീന മത്സരിക്കാതെ കളത്തിന് പുറത്ത് നില്‍ക്കുമ്പോഴത്തെ പരിശോധനകണക്കാണിത്.

Related posts