മുംബൈയിലെ ചേരികളിലെ 57 ശതമാനം ആളുകള്‍ക്കും കോവിഡ് പിടിപെട്ടു ? പുതിയ സര്‍വെയില്‍ കണ്ടെത്തിയ കാര്യം ഞെട്ടിക്കുന്നത്…

മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ കാര്യം അവിടുത്തെ ചേരികളായിരുന്നു.

ധാരാവി ഉള്‍പ്പെടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ വൈറസ് പടര്‍ന്നാല്‍ എന്താവും സ്ഥിതിയെന്ന് ആലോചിച്ച് ഏവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ധാരാവി വിജയ മാതൃകയായി.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം മുംബൈയിലെ ചേരി നിവാസികളില്‍ 57 ശതമാനം ആളുകള്‍ക്കും മറ്റിടങ്ങളിലെ 16% പേര്‍ക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്നാണ്. സിറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം.

നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്.

ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളിലാണ് വിവിധയിടങ്ങളില്‍നിന്നുള്ളവരുടെ രക്തം ശേഖരിച്ച് പഠനം നടത്തിയത്.

ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണു പരിശോധിക്കുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു. ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സിറോ സര്‍വേ.

നിതി അയോഗ്, ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച് എന്നിവര്‍ സംയുക്തമായാണു സര്‍വേ നടത്തിയത്. മൂന്നു മുനിസിപ്പല്‍ വാര്‍ഡുകളില്‍നിന്നാണു സാംപിളുകള്‍ ശേഖരിച്ചത്. സ്ത്രീകളിലാണു കൂടുതലായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയുണ്ടായ കൂടുതല്‍ പേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

നഗരത്തില്‍ 1.2 കോടി ജനങ്ങളില്‍ 65 ശതമാനവും ചേരികളിലാണ് താമസിക്കുന്നത്. ചുറ്റുമുള്ള ജില്ലകളില്‍ താമസിക്കുന്നതാവട്ടെ 65 ലക്ഷവും മുംബൈയില്‍ ആകെ ഒരു ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആറായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച 717 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 55 പേര്‍ മരിച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടത്തിയ സിറോ സര്‍വേയില്‍ 23.48% പേര്‍ക്ക് കോവിഡ് ബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. മിക്കവര്‍ക്കും രോഗലക്ഷണം പ്രകടമാകാത്തത് നിശബ്ദമായി രോഗം കൂടുതല്‍ പേരിലേക്കു പടരാനുള്ള സാധ്യതയാണു സൂചിപ്പിക്കുന്നതെന്നു ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. എന്തായാലും കോവിഡ് രൂക്ഷമായ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പുറത്തു വന്നിരിക്കുന്നതിലും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാവുമെന്നാണ് നിഗമനം.

Related posts

Leave a Comment