അമ്മയുടെ കൊലപാതകത്തില്‍ പലതും മറച്ച് അശ്വതി, നുണപരിശോധനയ്ക്കില്ലെന്ന് മകള്‍, വീപ്പയ്ക്കുള്ളിലെ കൊലപാതകത്തില്‍ നാടീയത തുടരുന്നു, രണ്ടുംകല്പിച്ച് പോലീസ്

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്. പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.

ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്. അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.

കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്. വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്.

Related posts