മോഹന്‍ലാല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ ശോഭന ! മുഖ്യമന്ത്രിയുടെ സഹായം തേടുന്നു; വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ…

മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ പെടാപ്പാട് പെട്ട് ശോഭനാ ജോര്‍ജ്. ഇതിനായി ഇവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജനുമായി കൂടികാഴ്ച നടത്തിയ ശോഭനാ ജോര്‍ജ് മാനനഷ്ടകേസില്‍ നിന്നും തലയൂരുന്നതിനുള്ള പോംവഴികള്‍ തേടുകയാണ്.അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിവരം. പകരം ഖാദി ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനെ കൊണ്ട് മോഹന്‍ലാലിനോട് സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശോഭനാ ജോര്‍ജാനോട് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.

മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണെന്ന സംശയം വച്ചുപുലര്‍ത്തുന്നവരാണ് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം. മുഖ്യമന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല.എറണാകുളത്ത് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ലാല്‍ പങ്കെടുത്തെങ്കിലും ലാലിനെ ബിജെപിക്കാരനായി സിപിഎം നേതാക്കള്‍ മുദ്രകുത്തി കഴിഞ്ഞു. നരേന്ദ്രമോദിയുമായുള്ള അടുപ്പവും ശബരിമല നട തുറന്ന ദിവസം സ്വാമി ശരണം എന്ന് പോസ്റ്റിട്ടതുമൊക്കെ ലാലിന് കാവിയുടെ മുഖം സി പി എം സമ്മാനിച്ചിട്ടുണ്ട്. ലാല്‍ എന്‍എസ്എസിന്റെ സമ്മേളനത്തിന് പോയതും ബിജെപി സര്‍ക്കാര്‍ ലാലിന് ഭൂഷണ്‍ നല്‍കിയതുമെല്ലാം ലാലിനെ ബിജെപിക്കാരനാക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഊര്‍ജം പകര്‍ന്നു.

ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ ലാല്‍ കേസ് കൊടുത്തത് ശരിയായില്ലെന്ന ചിന്തയിലാണ് സിപിഎമ്മും സര്‍ക്കാരും. ആദ്യം ശോഭനാ ജോര്‍ജ് മോഹന്‍ലാലിന്റെ കാലുപിടിക്കുന്ന തരത്തില്‍ സംസാരിച്ചത് സര്‍ക്കാരിലെ ഉന്നതര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. മോഹന്‍ലാല്‍ കേസു കൊടുത്തെങ്കില്‍ അതിനെ നിയമപരമായി നേരിടണമെന്ന ചിന്തയിലാണ് സര്‍ക്കാരും പാര്‍ട്ടിയും. പണം കൊടുക്കാന്‍ കോടതി പറഞ്ഞാല്‍ അത് പൊതുമേഖലാ സ്ഥാപനം നല്‍കും എന്നാണ് സര്‍ക്കാര്‍ പറയുന്നത് . ഇല്ലെങ്കില്‍ സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ടു പോകും. ഇതാണ് സര്‍ക്കാരിന്റെ മനസിലിരുപ്പ്. ഇക്കാര്യത്തില്‍ ആരുടെയും സൗജന്യം വേണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

മോഹന്‍ലാലാകട്ടെ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്ക് തയ്യാറല്ല. ശോഭന ജോര്‍ജ് തന്നെ അപമാനിച്ചു എന്ന തരത്തില്‍ തന്നെയാണ് ലാല്‍ നീങ്ങുന്നത്. തന്നെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിക്കാമായിരുന്ന ഒരു കാര്യം പത്രമാധ്യങ്ങള്‍ക്ക് മുമ്പിലെത്തിച്ച് തന്നെ മാനംകെടുത്തി. മാപ്പ് അപേക്ഷിച്ച് ഖാദി ബോര്‍ഡ് പരസ്യം നല്‍കണം എന്ന ലാലിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ കാല്‍ക്കല്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. സ്വകാര്യ സ്ഥാപനത്തിനു ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതുമായി ബന്ധമില്ലെന്നാണ് ഖാദി ബോര്‍ഡിന്റെ നോട്ടീസില്‍ പറയുന്നത്. നോട്ടീസ് ലഭിച്ചയുടനെ സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. കമ്പനി യാതൊരു വിവാദങ്ങള്‍ക്കും നിന്നില്ല. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ കേസുമായി മുന്നോട്ടു വന്നിരിക്കുന്നത്.

മാസങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ കേസുമായി മുന്നോട്ടുവന്നതിന് പിന്നില്‍ ആരാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് ലാല്‍ രംഗത്ത് വന്നത് സര്‍ക്കാരുമായി പ്രത്യേകിച്ചൊരു തെറ്റലും സംഭവിച്ചിട്ടില്ല. ലാല്‍ ആവശ്യപ്പെട്ടത് പോലെ 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിന് ഇല്ലെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം നല്‍കാന്‍ പോലും ബോര്‍ഡിന് കഴിയുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകാന്‍ ബോര്‍ഡ് തീരുമാനിച്ചത്. മോഹന്‍ലാലിന്റെ പരസ്യത്തിനെതിരെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചുവെന്നാണ് വിവരം.ശബരിമല വിഷയത്തില്‍ സ്വീകരിക്കുന്ന അതേ നിലപാട് തന്നെ മുഖ്യമന്ത്രി ലാലിന്റെ കേസിലും സ്വീകരിക്കുമെന്നാണ് സൂചന.

Related posts