തിരുവനന്തപുരം: ശ്രീനാരായണ ഗുരു സ്വപ്നം കണ്ട ജാതിമതചിന്തകള്‍ക്കതീതമായ കേരളമാണ് സര്‍ക്കാരിന്റെ മനസിലുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മതസൗഹാര്‍ദം ഊട്ടിഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ശിവഗിരിയെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും.
ഗുരുവിന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയില്‍ വച്ച് കേരളത്തിന്റെ സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുമെന്ന പ്രതിജ്ഞ താന്‍ പുതുക്കുകയാണ്. ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒപ്പം നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ ഉള്‍പ്പെടെയുള്ള സ്വാമിമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മഠം അധികാരികളുമായി ഏറെ നേരം അദ്ദേഹം ചര്‍ച്ച നടത്തി.
