ഡെലിവെറി ജീവനക്കാരോട് കടുത്ത അവഗണന കാണിക്കുന്ന ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. വീട്ട് ജോലിക്കാർക്കും ഡെലിവറി ജീവനക്കാർക്കുമൊന്നും ഇപ്പോഴും ലിഫ്റ്റോ മറ്റ് അനുബന്ധ സാധനങ്ങളോ ഉപയോഗിക്കുന്നതിൽ വിലക്ക് കൽപിക്കുന്ന പല അപ്പോർട്ട്മെന്റുകൾ ഇന്നുമുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൂറ്റൻ പാഴ്സലുമായി ഡെലിവറി ജീവനക്കാരൻ കെട്ടിടത്തിന്റെ പടികൾ കയറി ആറാം നിലയിലേക്ക് പോകുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവ വിവരം പുറം ലോകം അറിഞ്ഞത്. ഡെലിവറി ജീവനക്കാരെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് പുതിയ രൂപത്തിലുള്ള തൊട്ടുകൂടായ്മയാണ്’ എന്ന ക്യാപ്ഷനോടെ വിനീത് കെ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചത്.
ഒരു വലിയ പാഴ്സലുമായി ഒരു ഡെലിവറിബോയ് പടികൾ കയറി പോകുന്നതാണ് വീഡിയോ. ഭാരം താങ്ങാൻ സാധിക്കാത്തതിനാൽ വളരെ പതുക്കെയാണ് അയാൾ നടക്കുന്നത്. കുറച്ച് മുന്നോട്ട് പോയപ്പോൾ അയാൾക്ക് ബാലൻസ് തെറ്റുന്നതു പോലെ ആയി, അതോടെ വളരെ പതിയെ ആണ് അയാൾ നടന്ന് നീങ്ങിയത്. പ്രയാസമെല്ലാം സഹിച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്ന് ഒടുവിൽ പാഴ്സൽ ഡെലിവറി ചെയ്യേണ്ടുന്ന അപ്പാർട്ട്മെന്റിൽ എത്തി. പക്ഷേ അപ്പോഴും ആ കഷ്ടപ്പാട് അവസാനിച്ചില്ല.
വളരെ വലിയ പാഴ്സൽ ആയതിനാൽ അയാൾ തന്നെ ഫ്ലാറ്റിന്റെ വാതിലിലൂടെ അകത്ത് വയ്ക്കേണ്ടി വന്നു. പാഴ്സലിനു വലിപ്പക്കൂടുതൽ ആയതിനാൽ ഞെരുങ്ങി ബുദ്ധിമുട്ടി അകത്തുകടന്നു. അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ വീണ്ടും വീഴാൻ പോകുന്നതും കാണാം. അപ്പോൾ ഒരാൾ ശ്രദ്ധിക്കാൻ പറയുന്നതും കേൾക്കാം.
സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ളവിമർശനങ്ങൾക്ക് തിരികൊളുത്തി. ലിഫ്റ്റ് നിഷേധിക്കുന്നത് ആധുനിക കാലത്തെ “അയിത്തം” ആണെന്നും, ഡെലിവറി ജീവനക്കാരെയും വീട്ടുജോലിക്കാരെയും തരംതാഴ്ത്തി കാണുന്ന ക്രൂരമായ മനോഭാവമാണിതെന്നും പലരും പറഞ്ഞു.
