വിദേശരാജ്യങ്ങളിൽ പോയി ജീവിക്കുകയെന്നത് പല ഇന്ത്യക്കാരുടെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഗ്ലാമറിനും അപ്പുറം വലിയ വെല്ലുവിളികളും സാമ്പത്തിക ബാധ്യതകളുമാണ് വിദേശത്ത് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പാരീസിൽ സ്ഥിരതാമസമാക്കിയ തനിഷ്ക് ലോഹൻ എന്ന ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രവാസജീവിതത്തിന്റെ അറിയാപ്പുറങ്ങൾ തുറന്നുപറഞ്ഞത്.
സോഷ്യൽ മീഡിയയിലെ വർണാഭമായ വീഡിയോകൾ കണ്ട് പല യുവാക്കളും ചിന്തിക്കാതെയാണ് വിദേശത്തേക്ക് വണ്ടികയറുന്നതെന്ന് തനിഷ്ക് ചൂണ്ടിക്കാണിക്കുന്നു. 50 മുതൽ 60 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയോ വ്യക്തിഗത വായ്പയോ എടുത്താണ് ഭൂരിഭാഗം പേരും എത്തുന്നത്. എന്നാൽ ഈ വലിയ തുക നിക്ഷേപിച്ചതുകൊണ്ടുമാത്രം വിദേശത്ത് വിജയം ഉറപ്പാക്കാനാകില്ല.
“നാട്ടിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് ഒരാൾ ഇവിടെയെത്തുന്നത്. ഇവിടെ ആരും നിങ്ങൾക്ക് തളികയിൽ വച്ച് ജോലി വെച്ചുനീട്ടില്ല. ഒരു പാർട്ട് ടൈം ജോലി കണ്ടെത്താൻ പോലും വലിയ തത്രപ്പാട് വേണം -തനിഷ്ക് ലോഹൻ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പുറമെ പ്രവാസികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയൊരു ഭാഷ പഠിച്ചെടുക്കുക, അപരിചിതരായ ആളുകളുമായി ഇണങ്ങിപ്പോവുക എന്നിവ എളുപ്പമല്ല. പ്രിയപ്പെട്ട കുടുംബത്തെയും വീടിനെയും പിരിഞ്ഞു ജീവിക്കുമ്പോഴുള്ള വൈകാരികമായ വില ആരും എവിടെയും തുറന്നുപറയാറില്ല.
“ആരെയും വിദേശത്തേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനല്ല ഞാൻ ഇത് പറയുന്നത്. തീർച്ചയായും നിങ്ങൾ വരണം, പക്ഷെ വ്യക്തമായ ലക്ഷ്യത്തോടെയും ശരിയായ കാരണങ്ങളോടെയുമായിരിക്കണം ആ തീരുമാനം എന്നാണ് തനിഷ്ക് ഇസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കുന്നത്.
തനിഷ്കിന്റെ അഭിപ്രായത്തോട് യോജിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വിദേശജീവിതത്തെക്കുറിച്ച് അതിരുകടന്ന പ്രശംസയോ അല്ലെങ്കിൽ തികച്ചും നിഷേധാത്മകമായ അഭിപ്രായങ്ങളോ മാത്രം കേൾക്കുന്നയിടത്ത്, കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്ന ഏറ്റവും പ്രായോഗികമായ കാഴ്ചപ്പാടാണ് ഈ വീഡിയോ നൽകുന്നതെന്ന് ഉപയോക്താക്കൾ കുറിച്ചു.
