ജറുസലം: ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
120 അംഗങ്ങളുള്ള നെസറ്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, ഭരണകക്ഷിയായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്.
മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ ‘യാഷർ’ പാർട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടി. അതേസമയം, 19 സീറ്റുകൾ സ്വന്തമാക്കിയ അറബ് പാർട്ടികളുടെ സഖ്യം (ജോയിന്റ് ലിസ്റ്റും റെആം പാർട്ടിയും) ഇത്തവണ രാഷ്ട്രീയമായി നിർണായക ശക്തിയായി മാറി.
“ദി ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് പ്രകാരം, ലികുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 സീറ്റുകൾ നേടിയ യാഷർ പാർട്ടി തൊട്ടുപിന്നിലുണ്ട്.
ബിയാചദ് – 12, ജോയിന്റ് ലിസ്റ്റ് – 11. ദി ഡെമോക്രാറ്റ്സ്, റാം പാർട്ടികൾക്ക് എട്ട് സീറ്റുകൾ വീതം ലഭിച്ചു. ഇസ്രായേൽ ബെയ്തനു, യുണൈറ്റഡ് തോറ ജൂതയിസം, ഓട്സ്മ യെഹൂദി എന്നീ പാർട്ടികൾ ഏഴ് സീറ്റുകൾ വീതം നേടി. ഷാസ്, റിലീജിയസ് സിയോണിസം പാർട്ടികൾ ആറ് സീറ്റുകളിൽ വീതവും വിജയിച്ചു.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ ഇസ്രയേലിൽ വീണ്ടുമൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഭരണപ്രതിസന്ധിക്കും വഴിയൊരുങ്ങിയിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന് മുന്നിൽ വഴികൾ എളുപ്പമല്ല.
സർക്കാരുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെയാകും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആദ്യം ക്ഷണിക്കുക. ഈ നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകും. നിശ്ചിത സമയത്തിനുള്ളിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ പാർട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് പ്രസിഡന്റ് ഹെർസോഗ് അഭ്യർഥിച്ചു. നേതാക്കളുമായി കൂടിയാലോചിച്ച ശേഷം സർക്കാരുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ള വ്യക്തിയെ അദ്ദേഹം ക്ഷണിക്കും.
