മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമതാണ്.
