എനിക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ദിലീപും കൂട്ടരും, പരസ്യങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം, ഒടിയന്‍ കണ്ടിട്ട് മോശമാണെന്നു പറയുന്നവരെല്ലാം ദിലീപിന്റെ ആളുകളാണെന്ന വാദവുമായി ശ്രീകുമാര്‍ മേനോന്‍

വലിയ പബ്ലിസിറ്റിയുമായി തിയറ്ററിലെത്തി പ്രതീക്ഷ കാക്കാത്ത ഒടിയനെതിരേ ആരാധകരോഷം ശക്തമാകുകയാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍ ഫാന്‍സ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അനാവശ്യ പ്രചരണമാണ് ഒടിയനെ ദോഷകരമായി ബാധിച്ചതെന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്. തങ്ങള്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്‌തെന്ന് പറഞ്ഞ് പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതോടെ നെഗറ്റീവ് റിവ്യൂകളും പെരുകി. ഇതിനിടെ സ്വന്തം തടി കേടാകാതിരിക്കാന്‍ എല്ലാം ദിലീപിന്റെ തലയിലേക്ക് ഇടുന്ന തന്ത്രമാണ് സംവിധായകനില്‍ നിന്നും വരുന്നത്.

ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്താണ് ഒടിയന്റെ പരാജയത്തെ ശ്രീകുമാര്‍ മേനോന്‍ ന്യായീകരിച്ചത്. മഞ്ജു വാര്യരുടെ വളര്‍ച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് അദേഹത്തിന്റെ പക്ഷം.

സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. ദിലീപിനെ പരോക്ഷമായി സൂചിപ്പിച്ച് അദേഹം പറയുന്നു. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ആക്രമണത്തിന്റെ ക്ലൈമാക്സ് ആണിത്. ഒടിയന്‍ സിനിമക്കെതിരെ പി.ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഇവരുടെ കെണിയില്‍ വീണെന്നും, തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ മഞ്ജു പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് ‘മഞ്ജു എന്ന ബ്രാന്‍ഡ്’ ആണ് അദ്ദേഹം പറഞ്ഞു. എന്തായാലും ശ്രീകുമാറിന്റെ ന്യായീകരണങ്ങള്‍ ഒന്നും ഒടിയനെ തുണയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts