സ്വന്തംലേഖകൻ
തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും നേടാൻ വർഗീസ് കണ്ടംകുളത്തി പാർട്ടിയിൽ പിടി മുറുക്കി. ഡെപ്യൂട്ടി മേയറായിരുന്ന സിപിഐയിലെ ബീന മുരളി രാജിവച്ചതിനെ തുടർന്നാണ് വീണ്ടും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ബീന മുരളി രാജിവച്ചത്.
ഒരു തവണ ഡെപ്യൂട്ടി മേയറായതിനുശേഷം രാജിവച്ച കണ്ടംകുളത്തിയെ മാറ്റി യുവ കൗണ്സിലർമാർക്ക് അവസരം നൽകണമെന്ന് കൗണ്സിലർമാർക്കിടയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. ഇതനുസരിച്ച് പാർട്ടി നേതൃത്വത്തെ രഹസ്യമായി സമീപിക്കുകയും ചെയ്തു.
വർഗീസ് കണ്ടംകുളത്തിയോടൊപ്പം നടക്കുന്ന അനൂപ് ഡേവിസ് കാടയുടെ പേരാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നത്. അവസാന വർഷങ്ങളായതിനാൽ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് യുവ രക്തങ്ങൾക്ക് അവസരം നൽകി കോർപറേഷൻ ഭരണം കൂടുതൽ ജനകീയമാക്കണമെന്നാണ് കൗണ്സിലർമാർ ആവശ്യപ്പെടുന്നത്.
എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും നൽകണമെന്നാവശ്യപ്പെടുന്നതിനാൽ പാർട്ടിക്കും വേറെ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലത്രേ. മേയർ സിപിഐക്കാരിയായതിനാൽ സിപിഎമ്മിന് കോർപറേഷൻ ഭരണത്തിൽ പിടി മുറുക്കാൻ ഡെപ്യൂട്ടി മേയർ കരുത്തനാകണമെന്നാണ് പാർട്ടിയുടെയും നിലപാട്.
എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനമില്ലെങ്കിലും ഇപ്പോഴും കോർപറേഷൻ ഭരണം നിയന്ത്രിക്കുന്നത് വർഗീസ് കണ്ടംകുളത്തിയാണെന്നാണ് ആരോപണം. ഇത്തരത്തിൽ തന്നെ കാര്യങ്ങൾ നിയന്ത്രിച്ച് സ്ഥാനങ്ങൾ മറ്റുള്ളവർക്ക് നൽകാൻ തയ്യാറാകണമെന്നാണ് സിപിഎം കൗണ്സിലർമാർക്കിടയിലുള്ള അഭിപ്രായം.
വർഗീസ് കണ്ടംകുളത്തിയുടെ മയമില്ലാത്ത പെരുമാറ്റം സംബന്ധിച്ച് കൗണ്സിലർമാർക്കിടയിൽ തന്നെ പരാതികളുണ്ട്. പാർലമെന്ററി പാർട്ടി യോഗത്തിലും ഇതു സംബന്ധിച്ച് വിമർശനങ്ങൾ ഉയർത്താറുണ്ട്. കൂടാതെ ചില പ്രവർത്തനങ്ങൾ പാർട്ടിയെ പോലും ജനങ്ങൾക്കിടയിൽ മോശമാക്കുന്നതാണെന്നാണ് മറ്റൊരു വിമർശനം.
മുൻ മേയർ അജിത ജയരാജൻ രാജി വച്ചപ്പോൾ ഡെപ്യൂട്ടി മേയറായിരുന്ന ബീന മുരളിയെ മേയറുടെ കസേരയിൽ ഇരുത്താതിരിക്കാൻ മുറി അലങ്കോലമാക്കിയിട്ട സംഭവം ഏറെ വിവാദമായിരുന്നു. എലി കയറിയെന്നു പറഞ്ഞ് കസേരകളും മറ്റും വലിച്ചുവാരിയിട്ട് ആർക്കും അവിടെ ഇരിക്കാൻ സാധിക്കാത്ത രീതിയിൽ അലങ്കോലമാക്കിയിട്ടിരുന്നു.
ബീന മുരളി ഇതിനെതിരെ പ്രതിഷേധം ഉയർത്തിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. അലങ്കോലമാക്കിയിട്ട മുറിയിൽ തന്നെ കസേരകളിട്ട് ബീന മുരളി മേയറുടെ കാര്യങ്ങൾ നിർവഹിക്കാൻ ഇരുന്നു. എന്നാൽ മേയറുടെ സീലും മറ്റും ഒളിപ്പിച്ചു വച്ചിരിക്കയായിരുന്നു. ഇത്തരം നടപടികൾക്കു പിന്നിൽ ആരാണെന്ന് എല്ലാവർക്കും വ്യക്തമാണ്.
ഇത് ജനങ്ങൾക്കിടയിൽ ഭരണകക്ഷിയെ മൊത്തത്തിൽ മോശക്കാരാക്കി മാറ്റിയെന്നല്ലാതെ വേറെ നേട്ടങ്ങളുണ്ടായില്ലെന്നാണ് പാർട്ടി നേതൃത്വത്തിനുമുള്ള അഭിപ്രായം. സിപിഎം ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ സെക്രട്ടറിയുമടക്കമുള്ളവർ ഈ വിഷയത്തിൽ ചർച്ചകൾ നടത്തേണ്ട സാഹചര്യവും ഉണ്ടായി. ഇത്തരം നടപടികൾ പാർട്ടികൾക്കും നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
കൗണ്സിലിൽ നടക്കുന്ന പല കാര്യങ്ങളിലും താൽപര്യമില്ലാത്തതിനാൽ സിപിഎമ്മിലെ കൗണ്സിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.പി.ശ്രീനിവാസൻ യോഗങ്ങളിൽ പോലും കുറവാണ് പങ്കെടുക്കുന്നത്.