പരവൂർ: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. 2016-ൽ 6.8 ലക്ഷമായിരുന്ന വിദ്യാർഥികളുടെ എണ്ണം 2024-ൽ 13.35 ലക്ഷമായി ഉയർന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശാണ് ഒന്നാമത്. പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 2020-ൽ മാത്രം ആന്ധ്രയിൽ നിന്ന് 35,614 വിദ്യാർഥികൾ വിദേശത്തേക്ക് പോയി. പഞ്ചാബിൽ നിന്ന് 33,412 പേരും മഹാരാഷ്ട്രയിൽ നിന്ന് 29,079 പേരും വിദേശ പഠനം തെരഞ്ഞെടുത്തു. മുൻവർഷങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്രയെ പിന്തള്ളിയാണ് പഞ്ചാബ് ഇത്തവണ രണ്ടാമതെത്തിയത്.
ഗുജറാത്ത് (23,156), ഡൽഹി (18,482), തമിഴ്നാട് (15,564) എന്നിവയാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ. കേരളത്തിൽ നിന്ന് 15,277 വിദ്യാർഥികളാണ് ഇതേ കാലയളവിൽ വിദേശത്തേക്ക് പറന്നത്.യുണൈറ്റഡ് സ്റ്റേറ്റ്സ് , കാനഡ, യുണൈറ്റഡ് കിംഗ്ഡം , ഓസ്ട്രേലിയ എന്നിവയാണ് ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ. ഇതിൽ തന്നെ യുകെയിലേക്കും കാനഡയിലേക്കും പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ 2020-ൽ അപേക്ഷകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് ഇന്ത്യയിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നവരുടെ എണ്ണമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
- എസ്. ആർ. സുധീർ കുമാർ
