പാലക്കാട്: ചിറ്റൂരിൽ നിന്ന് കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 11 ഓടെയാണ് സുഹാനെ കാണാതായത്. കുട്ടിക്കായി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി സുഹാൻ വഴക്കിട്ട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.
