മോഹിപ്പിക്കും മൂന്നാം തലമുറ സ്വിഫ്റ്റ്

ഇന്ത്യൻ കാറുകളിലെ മാദകസുന്ദരി എന്നു വിശേഷിപ്പിക്കാം മാരുതി സ്വിഫ്റ്റിനെ. സെക്സി ലുക്ക് കൊണ്ട് മാത്രമല്ല, മികച്ച എൻജിൻ പെർഫോമൻസ്, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ കൊണ്ടും ഇന്ത്യക്കാരുടെ ഇഷ്ടകാറായി സ്വിഫ്റ്റ് മാറി. സാധാരണക്കാരുടെ മിനി കൂപ്പർ എന്നു വിളിക്കാവുന്ന സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിയത്.

ഇതിനോടകം 18 ലക്ഷത്തിൽ പരം സ്വിഫറ്റ് കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായ സ്വിഫ്റ്റിന്‍റെ മൂന്നാം തലമുറ ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. രൂപഭംഗിയും സൗകര്യങ്ങളും വലുപ്പവും കൂടുതലുണ്ട് പുതിയ സ്വിഫ്റ്റിന്. കൂടുതൽ വിശേഷങ്ങളറിയാൻ ടെസ്റ്റ് ഡ്രൈവിലേയ്ക്ക് കടക്കാം.

രൂപകൽപ്പന

സ്വിഫ്റ്റിന്‍റെ അടിസ്ഥാന രൂപഘടനതന്നെയാണ് പുതിയ മോഡലിനും. എന്നാൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ചേറ്റവും സൗന്ദര്യമുള്ള സ്വിഫ്റ്റാണിതെന്ന് നിസംശയം പറയാം. മുൻഭാഗം അൽപ്പം കൂർത്തതാണ്. ഒൗഡി കാറുകളെ ഓർമിപ്പിക്കും മുന്നിലെ ഗ്രിൽ.

മസ്കുലാർ ലുക്കുള്ള മുൻ ബന്പർ ഇതുമായി കൂടിച്ചേരുന്പോൾ മുൻഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകളോടുകൂടിയതാണ് പ്രൊജക്ടർ ഹെഡ് ലാംപുകൾ . എന്നാലിത് മുന്തിയ വകഭേദമായ സെഡ് പ്ലസിനു മാത്രമേയുള്ളൂ. സൈഡിൽ നിന്നുള്ള കാഴ്ചയിൽ കാര്യമായ മാറ്റമില്ല. എന്നാൽ റൂഫിന് പിൻഭാഗം കൂടുതൽ താഴ്ന്നാണ്.

പഴയതിലും വലുപ്പക്കൂടുതലുണ്ട് മൂന്നാം തലമുറ സ്വിഫ്റ്റിന്. ബലേനോ ഹാച്ച്ബാക്കിന്‍റെ തരം ഹേർട്ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റ നിർമിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്.

വീൽബേസ് പഴയതിലും 20 മില്ലിമീറ്റർ അധികമുണ്ട്. വീതി 40 മില്ലിമീറ്റർ കൂടി. ഹെഡ്റൂം 24 മില്ലിമീറ്റർ വർധിച്ചിട്ടുണ്ട്. ഫലത്തിൽ പാസഞ്ചർ കാബിൻ കൂടുതൽ വിശാലമായി. ആറടിയിലേറെ പൊക്കമുള്ളവർക്കും സുഖകരമായി മുൻ സീറ്റുകളിലിരിക്കാം. പിൻഭാഗം താഴ്ന്ന റൂഫ് ആയതിനാൽ റിയർ സീറ്റ് ഉയരക്കാർക്ക് അത്ര ഇണങ്ങില്ല. ബൂട്ട് സ്പേസും മെച്ചപ്പെടുത്തിയിരിക്കുന്നു. മുൻഗാമിയെക്കാൾ 58 ലിറ്റർ അധികമുണ്ടിത്, 268 ലിറ്റർ ആണ് ഇപ്പോൾ .

സി പില്ലർ കറുപ്പ് നിറത്തിലാണ്. ഷെവർലെ ബീറ്റ് , മഹീന്ദ്ര കെയുവി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറിൽ വിൻഡോ ഗ്ലാസിനു അരികിലായി ഡോർ ഹാൻഡിൽ നൽകിയിരിക്കുന്നു. ഡിസൈൻ പരമായി ഇത് നല്ലതാണെങ്കിലും ഒരു ദോഷമുണ്ട്. കട്ടി കൂടിയ സി പില്ലർ ഗ്ലാസ് ഏരിയ കുറയ്ക്കുന്നു. ഇത് ഇടുങ്ങിയ സ്ഥലത്തിരിക്കുന്ന പ്രതീതി റിയർ സീറ്റ് യാത്രക്കാർക്കുണ്ടാക്കും.

ഇന്‍റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ എന്നിവയെല്ലാം പുതിയതാണ്. സെന്‍റർ കണ്‍സോളിൽ വലുപ്പം കൂടിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം നൽകിയിരിക്കുന്നു. ബലേനായിലുള്ളതരമാണിത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ ഇതിനുണ്ട്.

സെന്‍റർ കണ്‍സോൾ ഡ്രൈവർ സീറ്റിന്‍റെ വശത്തേയ്ക്ക് അഞ്ച് ഡിഗ്രി ചെരിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. സെന്‍റർ കണ്‍സോളിലെ സ്വിച്ചുകളും ഡിസ്പ്ലേയും ഡ്രൈവർക്ക് അനായാസമായി കാണാനും കൈകാര്യം ചെയ്യാനും ഇത് സൗകര്യപ്പെടും. മുന്നിലെ ഡോർ പോക്കറ്റുകളിൽ ഒരു ലിറ്റർ കുപ്പി വയ്ക്കാം. പിന്നിൽ നേരത്തേ ബോട്ടിൽ ഹോൾഡറുകൾ ഇല്ലായിരുന്നു. പുതിയയിതിന് അത് നൽകിയിട്ടുണ്ട്. ഇതിൽ അരലിറ്റർ കുപ്പി സൂക്ഷിക്കാനാവും. പ്രൈം ലൂസന്‍റ് ഓറഞ്ച് , മിഡ് നൈറ്റ് ബ്ലൂ എന്നീ പുതിയ ബോഡി നിറങ്ങളും സ്വിഫ്റ്റിനുണ്ട്.

എൻജിൻ ഡ്രൈവ്

എൻജിനുകൾക്ക് മാറ്റമില്ല.1.2 ലിറ്റർ കെ സീരീസ് പെട്രോൾ ( 82 ബിഎച്ച്പി 113 എൻഎം), 1.3 ലിറ്റർ ഡീസൽ ( 74 ബിഎച്ച്പി 190 എൻഎം)എൻജിൻ തന്നെയാണ് പുതിയ സ്വിഫ്ടിനും ഉപയോഗിക്കുന്നത്. സ്വിഫ്റ്റിന് ആദ്യമായി ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ ( എഎംടി) വകഭേദവും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന്‍റെ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് എഎംടി വകഭേദമുണ്ട്. അഞ്ച് സ്പീഡാണ് എഎംടി.

ബോഡി ഭാരം കുറച്ചതിലൂടെ മൈലേജ് മെച്ചപ്പെടുത്താൻ നിർമാതാക്കൾക്ക് കഴിഞ്ഞു. എആർ എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം പെട്രോൾ വകഭേദത്തിന് മുൻഗാമിയെ അപേക്ഷിച്ച് ഏഴ് ശതമാനവും ഡീസൽ വകഭേദത്തിന് 12 ശതമാനവും മൈലേജ് മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന്‍റെ മൈലേജ് പെട്രോൾ ലിറ്ററിന് 22 കിലോമീറ്റർ, ഡീസൽ ലിറ്ററിന് 28.4 കിലോമീറ്റർ.
ഇനിയുള്ള കാലത്ത് കൂടുതൽ ഡിമാൻഡ് ഉണ്ടാകാനിടയുള്ള പെട്രോൾ സ്വിഫ്റ്റിനെയാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്.

അടിഭാഗം പരന്ന വലുപ്പം കൂടിയ സ്റ്റിയറിംഗ് ഡ്രൈവിംഗ് സുഖകരമാക്കുന്നു. ചെരിവു ക്രമീകരിക്കാവുന്ന സ്റ്റിയറിംഗിൽ ഓഡിയോ ഫോണ്‍ കണ്‍ട്രോളുകളുണ്ട്. ഭാരത്തിലുണ്ടായ കുറവ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാനുള്ള സമയത്തിൽ 10 ശതമാനം കുറവുവരുത്തിയിട്ടുണ്ടെന്ന് മാരുതി അവകാശപ്പെടുന്നു.

ക്രമാനുഗതമായാണ് വേഗമെടുക്കൽ. നമ്മുടെ റോഡുകളിലെ ഉപയോഗത്തിനു യോജിച്ച പവർ സ്വിഫറ്റ് നൽകുന്നു.

സ്വിഫ്റ്റിന്‍റെ സൗണ്ട് ഇൻസുലേഷൻ മികച്ചതാണ്. എൻജിന്‍റെയും കാറ്റിന്‍റെയും ടയർ ഉരുളുന്നതിന്‍റെയുമൊന്നും ശബ്ദം ഉള്ളിലേയ്ക്ക് കടക്കുന്നില്ല. ഹാൻഡ് ലിംഗ് മികവുണ്ട്. ഉയർന്ന വേഗത്തിൽ വളവു തിരിയ്ക്കുന്പോഴും നല്ല സ്ഥിരതയുണ്ട്.

വില

എബിഎസ്ഇബിഡി, രണ്ട് എയർബാഗുകൾ എന്നീ സുരക്ഷാസംവിധാനങ്ങൾ സ്വിഫ്റ്റിന്‍റെ അടിസ്ഥാന വകഭേദത്തിനും നൽകിയിട്ടുണ്ട്. പെട്രോൾ വകഭേദത്തെക്കാൾ ഒരു ലക്ഷം രൂപ അധികമാണ് ഡീസൽ വകഭേദത്തിന്‍റെ വില. പഴയ തലമുറ സ്വിഫ്റ്റുമായി താരതമ്യപ്പെടുത്തുന്പോൾ 18,000 രൂപ യുടെ വില വർധന പുതിയതിനുണ്ട്.

കൊച്ചി എക്സ്ഷോറൂം വില

പെട്രോൾ
എൽഎക്സ്ഐ 4.99 ലക്ഷം രൂപ.
വിഎക്സ്ഐ 5.87 ലക്ഷം രൂപ.
സെഡ്എക്സ്ഐ 6.49 ലക്ഷം രൂപ.
സെഡ്എക്സ്ഐ പ്ലസ് 7.29 ലക്ഷം രൂപ.
പെട്രോൾ എഎംടി
വിഎക്സ്ഐ 6.34 ലക്ഷം രൂപ.
സെഡ്എക്സ്ഐ 6.96 ലക്ഷം രൂപ.

ഡീസൽ
എൽഡിഐ 5.99 ലക്ഷം രൂപ.
വിഡിഐ 6.87 ലക്ഷം രൂപ.
ഇസഡ് ഡി ഐ 7.49 ലക്ഷം രൂപ.
ഇസഡ് ഡി ഐ പ്ലസ് 8.29 ലക്ഷം രൂപ.
ഡീസൽ എഎംടി
വിഡിഐ 7.34 ലക്ഷം രൂപ.
ഇസഡ് ഡി ഐ 7.96 ലക്ഷം രൂപ.

അവസാനവാക്ക്

കൂടുതൽ സ്ഥല സൗകര്യം, എഎംടി ഗീയർബോക്സ്, മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങൾ, നവീന ഫീച്ചറുകൾ എന്നിവയെല്ലാം പുതിയ സ്വിഫ്റ്റിനെ കൂടുതൽ പ്രായോഗികതയുള്ള ഫാമിലി കാറായി മാറ്റുന്നു. മാസങ്ങളോളം നീളുന്ന കാത്തിരിപ്പാണ് പ്രധാന പോരായ്മ.

ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് എവിജി മോട്ടോഴ്സ് , കോട്ടയം. ഫോണ്‍ 98470 53915,94470 35099 .

Related posts