സ്വിറ്റ്സർലൻഡിൽ ടൂറിസ്റ്റ് വിസയിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയ ഇന്ത്യൻ യുവതിക്ക് ഒരു വർഷത്തിന് ശേഷം 1.5 ലക്ഷം രൂപയുടെ ട്രാഫിക് ഫൈൻ ലഭിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പോൻ സപ്ഡി എന്ന എക്സ് യൂസർ ആണ് തനിക്കുണ്ടായ ഈ അപ്രതീക്ഷിത അനുഭവം പങ്കുവെച്ചത്.
സ്വിറ്റ്സർലൻഡ് യാത്ര കഴിഞ്ഞ് ഒരു വർഷത്തോളം പിന്നിട്ടപ്പോഴാണ് വിദേശകാര്യ മന്ത്രാലയം വഴി യുവതിക്ക് ട്രാഫിക് നിയമലംഘനത്തിന്റെ നോട്ടീസ് വരുന്നത്. ആദ്യം ഏകദേശം ഒരു ലക്ഷം രൂപയാണ് പിഴയെന്ന് കരുതിയെങ്കിലും വിശദമായി പരിശോധിച്ചപ്പോഴാണ് മൊത്തം തുക 1.5 ലക്ഷം രൂപയോളമുണ്ടെന്ന് വ്യക്തമായത്.
ഇത് ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ ഔദ്യോഗിക കത്തുകൾ പരിശോധിച്ചതോടെ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിഴ അടയ്ക്കാൻ തയ്യാറാണെന്നും, എന്നാൽ നോട്ടീസ് ലഭിക്കാൻ ഒരു വർഷത്തോളം വൈകിയതിനാൽ ഇതിനെതിരെ അപ്പീൽ നൽകാൻ സാധിക്കുമോ എന്ന് ചോദിച്ചാണ് യുവതി എക്സിൽ പോസ്റ്റിട്ടത്.
യുവതിയുടെ പോസ്റ്റ് വൈറലായതോടെ വിദേശരാജ്യങ്ങളിൽ സമാനമായ അനുഭവം നേരിട്ട നിരവധി സഞ്ചാരികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് സ്വിറ്റ്സർലൻഡിൽ ട്രാഫിക് നിയമങ്ങൾ കഠിനമാണ്. സ്വിറ്റ്സർലൻഡിൽ അമിതവേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് വലിയ തുകയാണ് പിഴ ഈടാക്കുന്നത്. സ്പീഡ് ക്യാമറകളിൽ കുടുങ്ങുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. ഇത്തരം പിഴകൾ അടയ്ക്കാതിരുന്നാൽ തുക വർദ്ധിക്കുമെന്നും ഭാവിയിൽ വീണ്ടും യൂറോപ്പിലേക്ക് പോകാനുള്ള ഷെഞ്ചൻ വിസ ലഭിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അനുഭവസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
