സ്വന്തം ഓഫീസിലേക്ക് പോകാൻ ഇത്രയേറെ സഹിക്കണം എന്നുകാണിച്ചുകൊണ്ട്, യാത്രാദുരിതത്തെക്കുറിച്ച് ഒരു ഗൂഗിൾ സോഫ്റ്റ്വെയർ എൻജിനീയർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾ വഴിവച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ വെറും 10 മിനിറ്റ് കൊണ്ട് ഇരുചക്ര വാഹനത്തിൽ എത്തിച്ചേരാവുന്ന നാല്
കിലോമീറ്റർ ദൂരം പിന്നിടാൻ തനിക്ക് മുക്കാൽ മണിക്കൂറോളം ട്രാഫിക്കിൽ കിടക്കേണ്ടി വന്നുവെന്നാണ് വെങ്കിടേഷ് ഡി. എന്ന ഐടി പ്രൊഫഷണൽ പറയുന്നത്.
തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് നികുതിയായി നൽകിയിട്ടും ഇത്രയും മോശം റോഡുകളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നതിലെ നിരാശ അദ്ദേഹം മറച്ചുവെച്ചില്ല. ചില മാസങ്ങളിൽ താൻ കൈപ്പറ്റുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുക നികുതിയായി അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും, ഈ നികുതിപ്പണമെല്ലാം എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു.
വെങ്കിടേഷിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ, സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ച് നിരവധി നഗരവാസികളാണ് രംഗത്തെത്തിയത്. നിത്യേനയുള്ള ഈ യാത്രാസമയം കൂടി കണക്കിലെടുത്താൽ തങ്ങൾ ദിവസവും അധിക ജോലി ചെയ്യുന്നതിന് തുല്യമാണെന്നാണ് പലരും പ്രതികരിച്ചത്. ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആസൂത്രണമില്ലാത്ത നഗരവൽത്ക്കരണവുമാണ് ബംഗളൂരുവിനെ ഈ അവസ്ഥയിൽ എത്തിച്ചത്.
നിലവിൽ കോടിക്കണക്കിന് ജനങ്ങളും വാഹനങ്ങളുമുള്ള നഗരത്തിൽ റോഡുകളുടെ വീതിക്കുറവും വർഷങ്ങളായി തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുകയാണ്.മെട്രോ വികസനം പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും, ശരിയായ നഗരാസൂത്രണത്തിന്റെ അഭാവം മൂലം കനത്ത ട്രാഫിക് ജാം ജനങ്ങളുടെ ജീവിതസമാധാനത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.
