ബാങ്കോക്ക്: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാജ്യരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരു രാജ്യങ്ങളും ഇന്നലെ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽനിന്നു പതിനായിരങ്ങൾ ഒഴിഞ്ഞുപോകാൻ തുടങ്ങി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ജൂലൈയിലുണ്ടായ വെടിനിർത്തൽ ലംഘിച്ച് തായ്ലൻഡും കംബോഡിയയും തിങ്കളാഴ്ച വീണ്ടും ഏറ്റുമുട്ടാനുള്ള കാരണം വ്യക്തമല്ല.
തായ്ലൻഡിന്റെ ആക്രമണത്തിൽ ഒന്പതു സിവിലിയന്മാർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കംബോഡിയൻ ആക്രമണത്തിൽ മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയും 29 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി തായ് വൃത്തങ്ങളും പറഞ്ഞു. തായ്ലൻഡാണ് ആദ്യം ആക്രമിച്ചതെന്നും പ്രത്യാക്രമണത്തിനു നിർബന്ധിതരാവുകയായിരുന്നുവെന്നും കംബോഡിയയിലെ രാഷ്ട്രീയാതികായനും പ്രധാനമന്ത്രി ഹൺ മാനറ്റിന്റെ പിതാവുമായ ഹൺ സെൻ പറഞ്ഞു.
അതിർത്തിയിലെ അഞ്ചു പ്രവിശ്യകളിൽ ഏറ്റുമുട്ടൽ നടക്കുന്നതായി തായ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കംബോഡിയൻ സേന പീരങ്കി, റോക്കറ്റ് വിക്ഷേപിണി, ബോംബ് ഇടുന്ന ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. തായ്ലൻഡിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും ജൂലൈ അവസാനം നാലു ദിവസം നീണ്ട ഉഗ്രയുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് 48 പേർ കൊല്ലപ്പെടുകയും മൂന്നു ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
