രാത്രിയില്‍ ലിത്വാനിയയില്‍ നിന്നു വിളിയെത്തി ! കേട്ടപാതി കേള്‍ക്കാത്ത പാതി ഓടി ഓഫീസിലെത്തി സമയം നഷ്ടപ്പെടാതിരിക്കാന്‍ ജനല്‍ വഴി ഏണി ചാരി അകത്തു കടന്നു; ജോയിന്റ് ആര്‍ടിഒ ശ്രീപ്രകാശിന്റെ സാഹസികത മൂന്നു കുട്ടികളെ രക്ഷിച്ചത് ലിത്വാനിയയിലെ ജയില്‍വാസത്തില്‍ നിന്നും…

കൃത്യനിര്‍വഹണത്തിന്റെ ഉത്തമമാതൃകയായി ജോയിന്റ് ആര്‍ടിഒ ശ്രീപ്രകാശ് മാറിയപ്പോള്‍ ലിത്വാനിയയില്‍ ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെട്ടത് മൂന്നു കുട്ടികള്‍. തൃശൂര്‍ ചേലാട്ടുകരയില്‍ നിന്നും ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാന്‍ ലാത്വിയയില്‍ എത്തിയ നിധീഷ് ജോയിയും മൂന്ന് കൂട്ടുകാരും തുടര്‍ച്ചയായി ഒരാഴ്ച അവധി കിട്ടിയപ്പോഴാണ് തൊട്ടടുത്ത രാജ്യങ്ങളിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്തത്. ലിത്വാനിയ, എസ്റ്റോണിയ അടക്കമുള്ള ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക് കാറില്‍ വിനോദയാത്ര പോകാനായിരുന്നു പദ്ധതി. തൊട്ടടുത്ത ദിവസം തന്നെ ഈ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്ത കാറില്‍ യാത്ര തിരിച്ചു.

ഉച്ചകഴിഞ്ഞ് ലിത്വോന അതിര്‍ത്തി കടക്കവെ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ രേഖകള്‍ ആവിശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകള്‍ ശരിയെന്ന് ഉറപ്പു വരുത്തിയ പൊലീസ് ഡ്രൈവിങ് സീറ്റില്‍ ഇരുന്ന നിധീഷിനോട് ലൈസന്‍സ് ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലൈസന്‍സിന്റെ പകര്‍പ്പ് മാത്രമാണ് നിഥീഷിന്റെ കൈയില്‍ ഉണ്ടായിരുന്നത്. ഇത് അംഗീകരിക്കാന്‍ ലിത്വാനിയന്‍ പൊലീസ് തയ്യാറായില്ല .നാലു പേരെയും കസ്റ്റഡിയില്‍ എടുത്ത പൊലീസ് വിവരം ലിത്വോനയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചു. രണ്ടു മണിക്കൂറിനകം ഒര്‍ജിനല്‍ ലൈസന്‍സോ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ഫര്‍മേഷനോ ലഭിച്ചില്ലങ്കില്‍ വിദ്യാര്‍ത്ഥികളെ ജയിലിലേക്ക് അയക്കേണ്ടി വരുമെന്നായിരുന്നു അറിയിപ്പ്.

ലിത്വാനിയയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 19 ദിവസം ജയിലില്‍ കിടക്കണം. അതും 500 കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമത്തിലാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. വിശദ വിവരങ്ങള്‍ മനസിലാക്കി ലിത്വോനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിങ്കമാന്റന്റ് രജീന്ദ്ര ചൗദരി തൃശൂര്‍ ജോയിന്റ് ആര്‍ ടി ഒ ശ്രീ പ്രകാശിനെ ബന്ധപ്പെടുമ്പോള്‍ സമയം രാത്രി 7.30 ആയിരുന്നു. പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഒരു മീറ്റിംഗിലായിരുന്നു ജോയിന്റ് ആര്‍ടിഒ ശ്രീ പ്രകാശ്. കുഴയ്ക്കല്‍ ട്രാഫിക് സിഗ്നലിന്റെ പോരായ്മ പരിഹരിക്കാനുള്ള യോഗമായിരുന്നു അത്.

എംബസിയില്‍ നിന്നുള്ള നിരന്തര വിളി കാരണം ജോയിന്റ് ആര്‍ ടി ഒ യോഗത്തില്‍ നിന്നിറങ്ങി കളക്ടറേറ്റ് കോംപ്ലക്സിലെ ഓഫീസിലേക്ക് പോയി അര മണിക്കൂറിനകം ലൈസന്‍സ് വിവരങ്ങള്‍ ഒദ്യോഗികമായി അറിയിച്ചില്ലായെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ ജയിലിലാകുമെന്നായിരുന്നു അറിയിപ്പ്. പൊലീസ് ഓഫീസര്‍മാരുടെ ഡ്യൂട്ടി മാറുന്നതിനാല്‍ പിന്നീട് രേഖകള്‍ ഹാജരാക്കിയാലും ഫലം ഉണ്ടാകില്ലെന്ന് എംബസിയില്‍ നിന്നും അറിയിച്ചു കൊണ്ടേയിരുന്നു. താക്കോല്‍ സംഘടിപ്പിച്ച് രണ്ടാം നിലയിലെ ഓഫീസില്‍ എത്തിയാല്‍ തന്നെ നല്ല സമയം നഷ്ടപ്പെടുമെന്ന് മനസിലാക്കി ജോയിന്റ് ആര്‍ടിഒ ജനല്‍ വഴി തന്നെ ഓഫീസിനുള്ളില്‍ കടന്നു.

ഫയര്‍ ഫോഴ്സുകാരില്‍ നിന്ന് ഏണി സംഘടിപ്പിച്ചായിരുന്നു ഇത്. സിസ്റ്റം അഡ്മിന്‍ ഫോണിലൂടെ നല്കിയ നിര്‍ദ്ദേശം അനുസരിച്ച് സെര്‍വര്‍ ഓണാക്കി. ഇതിനിടെയാണ് ഇന്ത്യന്‍ എംബസിയില്‍ നിന്നയച്ച ലൈസന്‍സിന്റെ പകര്‍പ്പിന് വ്യക്തയില്ലെന്ന് മനസിലാക്കിയത് എങ്കിലും ഞൊടി ഇടയില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി. നിഥീഷിന്റെ ലൈസന്‍സ് വിവരങ്ങള്‍ കിട്ടി. ഇത് ഒദ്യോഗിക മെയില്‍ മുഖാന്തിരവും വാട്സപ്പ് വഴിയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ അറിയിച്ചു. കൃത്യസമയത്ത് രേഖകള്‍ കിട്ടിയതുകൊണ്ട് തന്നെ മോചിപ്പിക്കപ്പെട്ട നിധീഷും കൂട്ടുകാരും ലാത്വയിലേക്ക് മടങ്ങി. പിറ്റേ ദിവസം നിധീഷിന്റെ മാതാപിതാക്കളെ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ജോയിന്റ് ആര്‍ടിഒ ഇക്കാര്യം ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ വിദേശത്ത് 19 ദിവസം ജയിലില്‍ കിടക്കുമെന്നറിഞ്ഞ് നടപടി ക്രമങ്ങള്‍ പോലും നോക്കാതെ ഇടപെട്ട ജോയിന്റ് ആര്‍ ടി ഒ ശ്രീ പ്രകാശ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ താരമാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അഭിനന്ദന പ്രവാഹങ്ങളും കൂടി .കഴിഞ്ഞ മാസം 13ന് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. നിധീഷിന്റെ അച്ഛന്‍ ജോണി ആന്റണിയും ജോയിന്റ് ആര്‍ടിഒയുടെ ശ്രമത്തെ നന്ദിയോടെ സ്മരിക്കുന്നു. ശ്രീപ്രകാശിന്റെ ഇടപെടലാണ് മകനെ രക്ഷിച്ചതെന്ന് അച്ഛനും സമ്മതിക്കുന്നു. ഇതിനൊപ്പം കോണ്‍സുലേറ്റിന്റെ ഇടപെടലും നിര്‍ണായകമായി രേഖകള്‍ കിട്ടും വരെ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചു. കാര്യത്തിന്റെ ഗൗരവം ജോയിന്റ് ആര്‍ടിഒയെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് സാഹസികമായി തന്നെ രേഖകള്‍ കണ്ടെത്തി മെയില്‍ ചെയ്യാന്‍ ശ്രീപ്രകാശിന് പ്രേരണയായത്. ഇദ്ദേഹത്തെപ്പോലെയുള്ള ഉദ്യോഗസ്ഥരാണ് ഈ നാടിന് ആവശ്യമുള്ളതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

Related posts