തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്’ നിലവിലെ നിയമസഭാ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. വയോജനങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളിൽ നിന്ന് ഇറക്കിവിടുക എന്നിവ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. വ്യാജരേഖകൾ വഴിയോ ഭീഷണിപ്പെടുത്തിയോ വയോജനങ്ങളുടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചാൽ സമാന ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറിയ ശേഷം പരിചരണം നിഷേധിച്ചാൽ ആ കൈമാറ്റം റദ്ദാക്കാൻ വയോജനങ്ങൾക്ക് സംരക്ഷണ ട്രൈബ്യൂണലിനെ സമീപിക്കാം.
പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർ തലത്തിലുള്ള നോഡൽ ഓഫീസറെ നിയമിക്കും. മക്കളോ നിയമപരമായ അവകാശികളോ മാതാപിതാക്കൾക്ക് നൽകേണ്ട പ്രതിമാസ സംരക്ഷണ തുക നിഷേധിച്ചാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും ഭയരഹിതമായും ജീവിക്കാനുള്ള അന്തരീക്ഷം സംസ്ഥാനത്ത് ഉറപ്പാക്കുകയാണ് ഈ നിയമനിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
