ചമ്പക്കുളം: ഡോക്ടർ എന്ന വളിപ്പേരിൽ അറിയപ്പെടുന്ന ഡോ. കെ.സി. ജോസഫ് 24 വർഷമാണ് കേരള നിയമസഭയിൽ കുട്ടനാടിനെ പ്രതിനിധീകരിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും സൗമ്യഭാവത്തിന്റെ പ്രതീകമായിരുന്ന ഡോക്ടർ കുട്ടനാടിന്റെ വികസനശില്പിയെന്നാണ് അറിയപ്പെടുന്നത്. മുൻ എംഎൽഎ ഡോ. കെ.സി. ജോസഫിന് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ വച്ച് സർവകക്ഷിയോഗത്തിന്റെ നേതൃത്വത്തിൽ കുട്ടനാടൻ പൗരാവലി ആദരവ് നല്കുന്നു. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലാണ് കുട്ടനാടിനെ 24 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടർക്ക് ആദരവ് നല്കുന്നത്.
റെജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മോൻസ് ജോസഫ് ആദരവ് നല്കും. കൊടിക്കുന്നിൽ സുരേഷ് എംപി, വി. മുരളീധരൻ എംഎൽഎ, പി. പ്രസാദ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ , മുൻ എംഎൽഎമാരായ ജോബ് മൈക്കിൾ, തോമസ് കെ. തോമസ് എന്നിവർ പ്രസംഗിക്കും.
1982 മുതൽ 2006 വരെ കുട്ടനാട് നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ഡോ. കെ.സി. ജോസഫ് കുട്ടനാടിനെ ഹൃദയത്തിലേറ്റിയ നേതാവായാണ് അറിയപ്പെടുന്നത്. കേരള നിയമസഭയിലെ ആദ്യസർക്കാർ ചീഫ് വിപ്പ് കൂടിയായിരുന്ന അദ്ദേഹം. നീണ്ട 24 വർഷം കൊണ്ട് കുട്ടനാട്ടിലെ വിവിധ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും പുതിയ പുതിയ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു. ദീപികയ്ക്കുനൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ..
കുട്ടനാടിന്റെ ഡോക്ടർ മനസുതുറക്കുന്നു…
കുട്ടനാടിന്റെ ജനപ്രതിനിധിയാകാൻവേണ്ടി കുട്ടനാടിനെ സ്നേഹിച്ച ഒരു വ്യക്തിയല്ല ഞാൻ. കുട്ടനാടിനെ സ്നേഹിച്ചതുകൊണ്ട് കുട്ടനാടിന്റെ ജനപ്രതിനിധി ആയി വന്ന ആളാണ് ഞാൻ. കുട്ടനാട്ടിൽ ജനിച്ചുവളർന്ന എനിക്ക് കുട്ടനാടിനെ അറിയാം. കുട്ടനാടിന്റെ നന്മ തിന്മകളെ, മേന്മകളെയും കുറവുകളെയുംപറ്റി അന്നും ഇന്നും അറിയാം. ഓരോ കാലഘട്ടത്തിലും എന്താണ് ഈ നാടിന് ആവശ്യം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്. കുട്ടനാടിനെ അറിയുന്നവരെ കേട്ടു, അവരുടെ നിർദേശങ്ങൾ അനുസരിച്ചു, ഏറ്റവും നല്ലത് തെരഞ്ഞെടുത്ത് പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് 24 വർഷം തുടർച്ചയായി എനിക്ക് ഈ നാടിനെ പ്രതിനിധീകരിക്കാൻ സാധിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ ആദ്യകാലം ഏറ്റവും
പ്രാധാന്യം നല്കിയത് എന്തിനായിരുന്നു?
കുട്ടനാട് കുറെ ഒറ്റപ്പെട്ട തുരുത്തുകളുടെ നാടായിരുന്നു. ഒരു കരയും മറ്റൊരു കരയും തമ്മിൽ ബന്ധമില്ലാത്ത പ്രദേശം. ആകെയുള്ളത് ആലപ്പുഴ-ചങ്ങനാശേരി റോഡ് മാത്രം. കുട്ടനാടിനെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ഞാൻ പ്രഥമ പരിഗണന നല്കിയത്. അതിന് അവശ്യം വേണ്ടിയിരുന്നത് വഴികളും റോഡുകളുമായിരുന്നു. കുട്ടനാട് പോലെ ഒരു പ്രദേശം 1980കളിൽനിന്ന് ഇന്ന് കാണുന്ന യാത്രാസൗകര്യമുള്ള ഒരു പ്രദേശമായി മാറിയതിന്റെ കാരണം അടിസ്ഥാന വികസനത്തിന് കൊടുത്ത പ്രാധാന്യമായിരുന്നു. അടിത്തറ വികസിപ്പിക്കാതെ പിന്നീടുള്ള വികസനം സാധ്യമാകില്ലെന്ന ബോധ്യത്തിൽനിന്നായിരുന്നു എന്റെ പ്രവർത്തനം. അതിന് ഈ നാട്ടിലെ നാനാജാതി മതസ്ഥരായ ആളുകളുടെ സഹകരണം എനിക്ക് ലഭിച്ചു.
വികസനപ്രവർത്തനങ്ങൾ നടപ്പിൽ വരുത്തിയത്
എപ്രകാരമായിരുന്നു?
ഓരോ പ്രദേശത്തെയും പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ആവശ്യപ്പെടുന്നതും നാടിന് ഗുണകരമാകും എന്ന് ബോധ്യപ്പെട്ടതുമായ പ്രവൃത്തികൾ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ജനവികാരത്തിനും നാടിന്റെ ആവശ്യത്തിനും പ്രാധാന്യം നല്കി. എംഎൽഎ എന്ന നിലയിൽ ഒന്നും നിർബന്ധിക്കാനോ, അടിച്ചേൽപ്പിക്കാനോ ഞാൻ ശ്രമിച്ചില്ല. നാടിന്റെ ആവശ്യത്തിനനുസരിച്ച് പദ്ധതികൾ വിഭാവനം ചെയ്യാൻ പരിശ്രമിച്ചു. അത് കുട്ടനാടിന്റെ വികസനത്തിന് കാരണമായി. അതിന്റെ തുടർച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്.
കുട്ടനാട്ടിലെ കർഷകർക്ക് ഗുണകരമായ നെല്ല് സംഭരണത്തിന് തുടക്കമിടുന്നത് 1986ൽ അങ്ങ് ജനപ്രതിനിധി ആയിരിക്കുന്ന കാലത്താണ്. ഇന്നത്തെ നെല്ല് സംഭരണത്തെപ്പറ്റി ആക്ഷേപം ഉയരുന്നു എന്താണ് പ്രതിവിധി?
1986 ലാണ് ആദ്യമായി സിവിൽ സപ്ലൈസ് വകുപ്പ് വഴിയുള്ള നെല്ല് സംഭരണത്തിന് തുടക്കം കുറിക്കുന്നത്. നാല് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ നെല്ല് സംഭരണത്തിന് ഒരു കൃത്യത ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും കഴിഞ്ഞ കുറേ നാളുകളായി നെൽകർഷകർ നെല്ല് സംഭരണ വിഷയത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. യഥാസമയം നെല്ല് വില ലഭ്യമാകാത്തതാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്. നെല്ല് വില യഥാസമയം ലഭ്യമാക്കിയാൽ നെല്ല് സംഭരണത്തിലെ മിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാം. അതിനായി 1250-1500 കോടി രൂപ ബജറ്റിൽ വകയിരുത്താൻ സർക്കാർ തയാറായാൽ തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ നെല്ല് സംഭരണ വിഷയത്തിൽ ഇപ്പോൾ നിലവിലുള്ളൂ. അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കർഷകൻ കൃഷി ചെയ്യുന്നത് വരുമാനത്തിനും കൂടിയാണ് എന്ന് മനസിലാക്കിയാൽ തീരുന്ന പ്രശ്നങ്ങളേ ഇന്ന് നിലവിലുള്ളൂ.
കുട്ടനാട്ടിൽ ഒരു എൻജിനിയറിംഗ് കോളജ് സ്ഥാപിക്കുക എന്നത് അന്നും ഇന്നും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരുന്നു. അതുപോലെ മറ്റ് എന്തെങ്കിലും പദ്ധതി ചിന്തയിൽ ഉണ്ടായിരുന്നോ?
കുട്ടനാടിന്റെ ഭൗതിക പശ്ചാത്തലത്തിൽ ഒരു എൻജിനിയറിംഗ് കോളജ് എന്നത് അന്ന് ആലോചിക്കാൻ പോലുമാകുന്ന ഒന്നായിരുന്നില്ല. എന്നാൽ കൂട്ടായ പ്രവർത്തനം അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി. കുട്ടനാടിന്റെ ആരോഗ്യപരിപാലന രംഗത്ത് വേണ്ട മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലേക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുകയോ, കൂടുതൽ സൗകര്യമുള്ളിടത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്ത് കുട്ടനാട്ടുകാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കുകൂടിയും പ്രയോജനപ്പെടത്തക്ക രീതിയിൽ വളർത്തിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നതുമാണ്. ഇനിയും ഈ ലക്ഷ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടനാട്ടിൽ വർധിച്ചുവരുന്ന മാരകരോഗങ്ങളെപ്പറ്റി അടിയന്തര ശാസ്ത്രീയ പഠനം നടത്തണം.
വെള്ളം, വെള്ളപ്പൊക്കം കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാടിനെ വലയ്ക്കുന്ന വലിയ പ്രശ്നമാണ്. ഇതിനെ സംബന്ധിച്ച് കാഴ്ചപ്പാടെന്താണ്?
വെള്ളവും, വെള്ളപ്പൊക്കവുമില്ലാത്ത ഒരു കുട്ടനാടിനെപ്പറ്റി ചിന്തിക്കാനാവില്ല. എന്നാൽ യഥാസമയം തോടുകളും ആറുകളും കായലുകളും ആഴം കൂട്ടി സംഭരണശേഷി പുനഃസ്ഥാപിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളാണ് ഭൂരിപക്ഷവും. അന്യജില്ലകളിൽനിന്ന് പെട്ടെന്നൊഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിൽ തങ്ങി നില്ക്കാതെ ഒഴുക്കിക്കളയാൻ വേണ്ട യന്ത്രവത്കൃത നടപടികൾകൂടിയുണ്ടായാൽ വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് കുട്ടനാട് കരകയറും.
ഇന്ന് കുട്ടനാട്ടിലും പുറത്തും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് എസി റോഡും എ സി കനാലും. ഇത് സംബന്ധിച്ച് കാഴ്ചപ്പാട് എന്താണ്?
എസി റോഡിൽ അടുത്തകാലത്ത് നടന്ന പുനർനിർമാണം റോഡിൽ പർക്കിംഗ് സൗകര്യം നഷ്ടപ്പെടുത്തി. പല സ്ഥലത്തും റോഡിലെ വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യം നിലനില്ക്കുന്നു. മഴക്കാലത്ത് മണിമലയാറ്റിലും പമ്പയിലും ഒഴുകി എത്തുന്ന വെള്ളം റോഡിന് തെക്കുഭാഗത്ത് നിന്ന് വടക്കുഭാഗത്തേക്ക് ഒഴുകി പോകുന്നതിൽ വലിയ തടസം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വേണ്ടത്ര പഠനം നടത്താതെയാണ് ഇപ്പോൾ നടത്തിയ എസി റോഡ് പുനരുദ്ധാരണം എന്ന ആക്ഷേപത്തെ ശരിവയ്ക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. എസി കനാൽ നിലവിലുള്ളതിന്റെ ആഴം കൂട്ടി സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.
കേരളകോൺഗ്രസ്കാരനായത് കുട്ടനാടിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ സ്വാധീനിച്ചതായി കരുതുന്നുണ്ടോ?
സംലഭ്യത, ജനകീയത ഇവ രണ്ടും കേരള കോൺഗ്രസ് പ്രവർത്തകരുടെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ഇത് രണ്ടും എത്രമാത്രം കൂടുതലാണോ അത്രമാത്രം മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും. എപ്പോഴും ജനങ്ങളിൽ ഒരാളായി അവരോടൊപ്പം ഉണ്ടാവുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം. അങ്ങനെ വരുമ്പോൾ ജനകീയത താനെ ഉണ്ടായിക്കോളും.
1949 ജൂലൈ മാസം 16, അന്ന് കർക്കടകം ഒന്നായിരുന്നു. കാറും കോളും നിറഞ്ഞ കർക്കടകത്തിൽ ജനിച്ചു. കുട്ടനാട്ടിൽ അവരിൽ ഒരാളായി വളർന്നതിനാൽ അവരോടൊപ്പം നാടിന്റെ നന്മയ്ക്കായി കാറും കോളുമൊന്നും വകവയ്ക്കാതെ ആത്മാർത്ഥമായി പണിയെടുക്കാനുള്ള ദൈവാനുഗ്രഹം ലഭിച്ചെന്നാണെന്റെ വിശ്വാസം.
