രാവിലെ പത്രം വായിച്ച് കല്യാണങ്ങളുടെ ലിസ്റ്റ് എടുക്കും; പിന്നെ പൊങ്ങുന്നത് കല്യാണസ്ഥലത്ത് വധുവിന്റെ ബന്ധുവായി; താലികെട്ട് നടക്കുമ്പോള്‍ വധുവിന്റെ ആഭരണങ്ങളുമായി മുങ്ങും; സുമേഷിന്റെ മോഷണങ്ങള്‍ ഇങ്ങനെ…

തൃശൂര്‍: കല്യാണമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കള്ളന്‍ പിടിയില്‍. വിവാഹച്ചടങ്ങില്‍ വധുവിന്റെ ബന്ധുവായെത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തുന്ന തൃശൂര്‍ ചെറുവത്തേരി സ്വദേശി പെരുംപറമ്പില്‍ വീട്ടില്‍ സുമേഷ് (50) ആണ് പിടിയിലായത്. ചന്ദ്രന്‍, രാമകൃഷ്ണന്‍ എന്നീ പേരുകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. നിരവധി തട്ടിപ്പ്, കളവുകേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറമേക്കാവ് അമ്പലത്തിന്റെ കല്യാണമണ്ഡപത്തില്‍ നടത്തിയ മോഷണമാണ് ഇയാളെ കുടുക്കിയത്.തൃശൂര്‍ സ്വദേശിയായ വധുവിന്റെ ബന്ധുവാണെന്ന രീതിയില്‍ മുറിയില്‍കയറി വധുവിന്റെ ബാഗ് മോഷ്ടിച്ച് ബാഗില്‍ ഉണ്ടായിരുന്ന എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് നാല്‍പതിനായിരം രൂപ പിന്‍വലിക്കുകയായിരുന്നു. കാര്‍ഡുപയോഗിച്ച് തൃശൂരിലെ ജൂവലറിയില്‍നിന്ന് അമ്പതിനായിരം രൂപയ്ക്ക് സ്വര്‍ണാഭരണങ്ങളും ആയിരങ്ങള്‍ വിലമതിക്കുന്ന വാച്ചും വാങ്ങി. സ്വര്‍ണാഭരണങ്ങളും വാച്ചും പൊലീസ് കണ്ടെടുത്തു.

രാവിലെ പത്രങ്ങള്‍ വായിച്ച് വിവാഹങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ മനസിലാക്കി അവിടെയെത്തി മോഷ്ടിക്കുകയായിരുന്നു ഇയാളുടെ രീതി.നല്ല രീതിയില്‍ വസ്ത്രം ധരിച്ച് വധുവിന്റെ ബന്ധുവെന്ന രീതിയില്‍ ചടങ്ങില്‍ സജീവമാകും. താലികെട്ട് സമയത്താകും മോഷണം. അപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കതിര്‍മണ്ഡപത്തിലാകും. കല്യാണ മണ്ഡപത്തിനോട് ചേര്‍ന്നുള്ള വധുവിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കയറി മോഷണം നടത്തും. സ്വര്‍ണപ്പണിക്കാരനായ സുമേഷ് വീടിനടുത്തുള്ള സ്വര്‍ണപണിശാലയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് 17 വര്‍ഷം മുമ്പ് നാടുവിട്ടതാണ്.

പാലക്കാട് ഒരു അമ്പലത്തിന്റെ പുനരുദ്ധാരണ പണികള്‍ നടക്കുന്നതിനിടെ, അമ്പലത്തിലേക്കെന്നു പറഞ്ഞ് ഒരു ഹാര്‍ഡ് വെയര്‍ കടയില്‍നിന്നു പതിനായിരങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ തട്ടിയെടുത്തു. പണിക്കു മേല്‍നോട്ടം വഹിക്കുന്ന എന്‍ജിനിയറുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ നിരവധി കല്യാണ സ്ഥലങ്ങളില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. തട്ടിയെടുത്ത ബാഗില്‍നിന്ന് കിട്ടിയ ബാഗിന്റെ ഉടമയുടെ തിരിച്ചറിയല്‍ രേഖയും ഒപ്പിട്ട ചെക്കു ബുക്കുകളും ഉപയോഗിച്ച് ബാങ്കില്‍നിന്നും പണം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍. ആര്‍.നായരുടെ നിര്‍ദ്ദേശാനുസരണമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസില്‍ പിടികൊടുക്കാതെ പല സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുകയായിരുന്നു. വാടകയ്ക്ക് പാത്രങ്ങളും കസേരകളും മേശകളും നല്‍കുന്ന കടകളില്‍ ചെന്ന് സഹോദരിയുടെ വിവാഹമാണെന്നു പറഞ്ഞ് വാടകയ്ക്ക് സാധനങ്ങള്‍ എടുത്ത് മറിച്ചുവില്‍ക്കുന്ന പതിവുമുണ്ട്്. ഇത്തരത്തില്‍ സാധനങ്ങള്‍ വാടകയ്‌ക്കെടുത്ത് വില്‍പ്പന നടത്തിയതിന് തൃശ്ശൂര്‍ ജില്ലയില്‍ നിരവധി കേസുകളുണ്ട്.

 

Related posts