നെടുമങ്ങാട് : നാല് വർഷത്തിനുള്ളിൽ വിജയകരമായി അയ്യായിരം തിമിര ശസ്ത്രക്രിയകൾ പൂർത്തിയാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗം. ശാസ്തമംഗലം സ്വദേശിനി രാഗലതികയ്ക്ക് (70) ശസ്ത്രക്രിയ നടത്തിയാണ് റിക്കാർഡ് തികച്ചത്.
ഡോ. ദീപ്തിലാൽ നേതൃത്വം നൽകുന്ന വിപുലമായ ടീമാണ് നേട്ടത്തിന് പിന്നിൽ. കഴിഞ്ഞ രണ്ടു വർഷം ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയകൾ ചെയ്തതിനു ഡോ. ദീപ്തിലാലിന് സംസ്ഥാന ആരോഗ്യവകുപ്പ് മികവിനുള്ള അവാർഡും കെജിഎംഒഎ സ്പെഷാലിറ്റി കേഡറിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
വേദനയോ മുറിവോ ഇല്ലാത്ത “ടോപ്പിക്കൽ ഫേക്കോ’ ശസ്ത്രക്രിയയാണ് നെടുമങ്ങാട് ആശുപത്രിയിൽ ചെയ്യുന്നത്. ഇഞ്ചക്ഷൻ ആവശ്യമില്ലാത്ത ഈ രീതിയിലൂടെ നൂറിലധികം ശസ്ത്രക്രിയ ഓരോമാസവും നടക്കുന്നുണ്ട്.
ലേസർ ചികിത്സ, ഇൻട്രാവിട്രിയൽ ഇൻജക്ഷൻ, ഗ്ലോക്കോമ ചികിത്സ എന്നിവയും ലഭ്യമാണ്. സർക്കാർ, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുടെ സഹായത്തോടെ മൂന്നു കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്. ടീം വർക്കിന്റെ ഫലമാണ് നേത്രരോഗ വിഭാഗം കൈവരിച്ച നേട്ടത്തിന് പിന്നിലെന്നു ഡോ. ദീപ്തിലാൽ പറഞ്ഞു.
