കോടതിയുടെ വിലപ്പെട്ട  സമയം പാഴാക്കി; തോമസ് ചാണ്ടിക്കും മകനും പിഴ ശിക്ഷ

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി, മകൻ ബോബി ചാണ്ടി ഉൾപ്പടെ നാല് പേർക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി അനാവശ്യ ഹർജി സമർപ്പിച്ചതിനാണ് പിഴ. പത്ത് ദിവസത്തിനകം നാല് പേരും പിഴയടയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് അനധികൃതമായി ഭൂമി കൈയേറി റോഡ് നിർമിച്ചുവെന്ന വിജിലൻസ് കേസ് ചോദ്യം ചെയ്താണ് തോമസ് ചാണ്ടിയും മകനും മറ്റ് രണ്ടുപേരും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട കോടതി നടപടികൾക്ക് ശേഷം തിങ്കളാഴ്ച ഹൈക്കോടതി ഹർജിയിൽ വിധി പറയാനിരിക്കേ തോമസ് ചാണ്ടിയടക്കം നാല് പേരും ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു.

തുടർന്ന് കോടതി ഹർജി പിൻവലിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി വിലപ്പെട്ട സമയം പാഴാക്കി എന്ന നിരീക്ഷണം നടത്തിയത്. ഇതൊരു ശരിയായ കീഴ് വഴക്കമല്ലെന്നും ഹൈക്കോടതി ഓർമിപ്പിച്ച ശേഷം പിഴയൊടുക്കാൻ ഉത്തരവിടുകയായിരുന്നു.

കേസിൽ തോമസ് ചാണ്ടി അടക്കം 22 പേരെ പ്രതിയാക്കിയാണ് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ സമർപ്പിച്ച ഹർജി തിരിച്ചടിയാകുമെന്നും തള്ളുമെന്നും ഉറപ്പായതോടെ ഹർജി പിൻവലിച്ച് തോമസ് ചാണ്ടി രക്ഷപെടുകയായിരുന്നു.

Related posts