കെ റെയില്‍ കല്ലിടലിനിടെ ആത്മഹത്യാ ഭീഷണി ! ദേഹത്ത് പെട്രോളൊഴിച്ച് മൂന്നംഗ കുടുംബം…

കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി മൂന്നംഗ കുടുംബം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം.

റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയില്‍ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടല്‍ നടക്കുന്നുണ്ടായിരുന്നു.

ജയകുമാറിന്റെ വീട് പൂര്‍ണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീടാണെന്നും പെന്‍ഷന്‍ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.

സര്‍വേ നടപടികള്‍ നിറുത്തി വയ്ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നല്‍കിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.ചര്‍ച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിട്ടതെന്ന പരാതി പ്രദേശവാസികള്‍ക്കെല്ലാമുണ്ട്.

കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതില്‍ ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ കല്ലിട്ടതായും ജനങ്ങള്‍ പറയുന്നു.

Related posts

Leave a Comment