തച്ചങ്കരിയെ പുറത്താക്കാന്‍ ചരടുവലി നടത്തിയത് വിയര്‍പ്പിന്റെ അസുഖമുള്ള യൂണിയന്‍കാര്‍ മാത്രമല്ല ലോലഹൃദയനായ മന്ത്രി ശശീന്ദ്രനും ; അഴിമതി ശ്രമം തച്ചങ്കരി എതിര്‍ത്തതോടെ ശശീന്ദ്രന്‍ കളി തുടങ്ങിയതിങ്ങനെ…

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ പോലീസ് ജീവിതത്തില്‍ നിന്നാണ് തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായത്. കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കിയതോടെ പാപഭാരങ്ങള്‍ തച്ചങ്കരിയെ വിട്ടൊഴിയാന്‍ തുടങ്ങി. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായപ്പോഴും നേരിന്റെ പാതയിലൂടെത്തന്നെയായിരുന്നു സഞ്ചാരം. എന്നാല്‍ ജന്മദിനാഘോഷ വിവാദത്തിന്റെ പേരില്‍ എകെ ശശീന്ദ്രന്‍ തച്ചങ്കരിയെ അവിടെ നിന്നും പറപ്പിച്ചു.

കെഎസ്ആര്‍ടിസിയില്‍ എംജി രാജമാണിക്യം പോയ ഒഴിവിലേക്ക് അപ്രതീക്ഷിതമായായിരുന്നു സിഎംഡിയായി തച്ചങ്കരി എത്തുന്നത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സര്‍ക്കാര്‍ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.

യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്തിനു പുറമേ വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചരടുവലിയാണ് തച്ചങ്കരിയെ തെറിപ്പിച്ചത്. കളിച്ചതാകട്ടെ സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മുമ്പില്‍ നിര്‍ത്തിയും. തച്ചങ്കരി തുടര്‍ന്നാണ് അത് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും ലക്ഷ്യങ്ങള്‍ക്ക് എതിരാകുമെന്ന് കോടിയേരിയും തിരിച്ചറിഞ്ഞു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും തച്ചങ്കരിയെ തള്ളി പറഞ്ഞു.

പുതിയ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്ര് മെഷീനുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളില്‍ ബംഗളൂരുവിലെ മൈക്രോ എഫ്.എക്സ് കമ്പനിയെ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി എം.ഡിയും മന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മന്ത്രി പ്രത്യേകം ശുപാര്‍ശ നല്‍കിയിട്ടും തച്ചങ്കരി അംഗീകരിച്ചില്ല. ഇതാണ് തച്ചങ്കരിയുടെ മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തച്ചങ്കരിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനിടെ തന്റെ വാദം അംഗീകരിക്കാന്‍ ശശീന്ദ്രന് തെളിവും കിട്ടി. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോഴും മന്ത്രി ശശീന്ദ്രനുമായി ഉടക്കുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് കമ്മിഷണര്‍ സ്ഥാനം തെറിപ്പിച്ചത്.

കെഎസ്ആര്‍ടിസിയെ ചവിട്ടിത്താഴ്ത്താന്‍ കൂട്ടുനില്‍ക്കില്ലെന്നു പ്രതിജ്ഞയോടെ അധികാരത്തിലേറിയ തച്ചങ്കരി ഊരാളുങ്കലിന്റെ കരാര്‍ റദ്ദാക്കല്‍ ഉള്‍പ്പെടെ പലതും ചെയ്തു. ആനവണ്ടിയെ ലാഭത്തിലാക്കുകയും അഴിമതി തടയാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ തച്ചങ്കരിക്ക് സമൂഹമാധ്യമങ്ങളുടെ കൈയടിയും കിട്ടി. ശബരിമലയിലെ തീര്‍ത്ഥാടന കാലം അതീവ കരുതലോടെ കൈകാര്യം ചെയ്തു. ഇതോടെ ശബരിമലയുടെ വരുമാനം ഗണ്യമായി ഉയര്‍ന്നു. സര്‍ക്കാര്‍ സഹായത്തോട് നോ പറഞ്ഞ് കെഎസ്ആര്‍ടിയില്‍ സ്വന്തം നിലയ്ക്ക് ശമ്പളവും നല്‍കി. ഇതോടെ കൂടുതല്‍ ജനകീയ പരിവേഷം തച്ചങ്കരിക്ക് വന്നു. ഇതിനിടെയാണ് മന്ത്രിക്കെതിരെ അഴിമതി ആരോപണമെത്തിയത്. ഇതോടെ ശശീന്ദ്രന്‍ ഉറഞ്ഞുതുള്ളി. തുടര്‍ന്ന് സിപിഎമ്മും എതിര്‍പ്പ് കടുപ്പിച്ചതോടെ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്കു പുറത്തായി.

കെ.എസ്.ആര്‍.ടി.സിയുടെ വ്യവസ്ഥകള്‍ പ്രകാരം മൈക്രോ എഫ്.എക്സ് കമ്പനിക്ക് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല,? പത്തു വര്‍ഷം മുമ്പ് ഈ കമ്പനിയുമായി കോര്‍പറേഷന്‍ നടത്തിയ ഇടപാടു സംബന്ധിച്ച് ഏറെ ആക്ഷേപവും ഉയര്‍ന്നിരുന്നു. ആറായിരം ആധുനിക ടിക്കറ്റ് മെഷീനാണ് വേണ്ടത്. ഏഴുകോടിയില്‍പരം രൂപയുടെ ഇടപാടാണ് നടക്കുക. മൈക്രോ എഫ്.എക്സ് കമ്പനിയെ കെ.എസ്.ആര്‍.ടി.സി തള്ളിയപ്പോള്‍ അവര്‍ ഒരു പ്രമുഖ എന്‍.സി.പി നേതാവു വഴി മന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. മന്ത്രി ശുപാര്‍ശ എഴുതി ഒപ്പിട്ട് 29ന് തച്ചങ്കരിക്ക് അയച്ചു. അടുത്ത ദിവസം ഇതേ കമ്പനി ടെന്‍ഡറിലെ പുതിയ വ്യവസ്ഥകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

മന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെന്തെന്ന് കോടതി ചോദിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. അന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ തച്ചങ്കരിയെ നീക്കിക്കൊണ്ടുള്ള തീരുമാനം വന്നു. മന്ത്രിയുടെ ശുപാര്‍ശ കത്ത് ചോര്‍ന്നത് തച്ചങ്കരി വഴിയാണെന്നാണ് ഉയരുന്ന വാദം. ഇത് മുഖ്യമന്ത്രിയെ ശശീന്ദ്രന്‍ ബോധ്യപ്പെടുത്തി. മന്ത്രിയെ അഴിമതിക്കാരനാക്കി പ്രതിസന്ധിയിലാക്കുന്ന ഉദ്യോഗസ്ഥന്‍ വേണ്ടെന്ന നിലപാട് പിണറായി എടുക്കുകയും ചെയ്തു. മന്ത്രിയുടെ ശുപാര്‍ശ കത്ത് പുറത്തായത് തന്നെയാണ് കെ എസ് ആര്‍ ടി സിയില്‍ നിന്ന് തച്ചങ്കരിയെ മാറ്റാന്‍ കാരണമായതും.

എന്നാല്‍ തച്ചങ്കരിയുമായി നല്ല അടുപ്പത്തിലായിരുന്നുവെന്നും പ്രചരിക്കുന്നതെല്ലാം കഥകളാണെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. വിയര്‍പ്പിന്റെ അസുഖമുള്ള യൂണിയന്‍ നേതാക്കള്‍ തച്ചങ്കരിയെ മാറ്റാന്‍ നിരന്തരം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇടതു തൊഴിലാളി സംഘടനകള്‍ക്ക് മാസവരി നല്‍കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും തച്ചങ്കരിയെ യൂണിയന്‍കാരുടെ കണ്ണിലെ കരടാക്കി.

കോര്‍പ്പറേഷനില്‍ 35,000-ത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 50 ശതമാനത്തിലധികം സിഐ.ടി.യു.ക്കാരാണ്. സിഐ.ടി.യു. ഉള്‍പ്പെടെ എല്ലാ യൂണിയന്‍ നേതാക്കളും എതിരായിട്ടും മുഖ്യമന്ത്രി തച്ചങ്കരിയോട് നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആവശ്യപ്പെട്ടത്. പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്ന പലര്‍ക്കും അതൃപ്തിയുണ്ടാവാമെങ്കിലും തച്ചങ്കരിയുടെ നയങ്ങള്‍ കോര്‍പ്പറേഷന് ഗുണമുണ്ടാക്കിയെന്ന് ഒരുവിഭാഗം തൊഴിലാളികള്‍ പറയുന്നു. കൂട്ട സ്ഥലംമാറ്റം, പ്രൊമോഷന്‍ മരവിപ്പിക്കല്‍, ആനുകൂല്യം വെട്ടിച്ചുരുക്കല്‍ തുടങ്ങിയ നയങ്ങളാണ് കെ.എസ്.ആര്‍.ടി.സി.യുടെ തളര്‍ച്ച മാറ്റാന്‍ തച്ചങ്കരി കൊണ്ടുവന്നത്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചു.

ജീവനക്കാരില്‍ പലരും സ്ഥലംമാറ്റത്തിന് വിധേയരായി. ഡ്യൂട്ടിസമയം വെട്ടിക്കുറച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ കൃത്യമായി യാത്രചെയ്യേണ്ടിവന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് നടപടി കര്‍ശനമാക്കി. യൂണിയന്‍ രാജ് നിര്‍ത്തലാക്കി. ഇതൊക്കെ തൊഴിലാളികളിലും നേതാക്കളിലും അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയുടെ അഴിമതി മോഹങ്ങളും തച്ചങ്കരി അള്ളുവച്ച് തകര്‍ത്തത്. ഇതോടെയാണ് സര്‍ക്കാരും തച്ചങ്കരിയെ നീക്കാനുള്ള തീരുമാനം എടുത്തത്. സിപിഎം നേതൃത്വും യൂണിയന്‍ നേതാക്കളുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. കെഎസ്ആര്‍ടിസിയെ കൂടുതലായി സ്‌നേഹിച്ചതു കൊണ്ടാവാം എംഡി സ്ഥാനത്തു നിന്നും സര്‍ക്കാര്‍ മാറ്റിയതെന്നായിരുന്നു യാത്രായയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞത്. ഈ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു.

Related posts