പരവൂർ: ട്രെയിനുകളുടെ സഞ്ചാര സുരക്ഷ ഉറപ്പാക്കാൻ ഇന്റർലോക്ക് ചെയ്യാത്ത ലവൽ ക്രോസിംഗ് ഗേറ്റുകളിൽ കാമറകൾ സ്ഥാപിക്കുന്നു.പരീക്ഷണ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ തിരുച്ചി ഡിവിഷനിലെ 13 നോൺ ഇന്റർലോക്ക്ഡ് ഗേറ്റുകളിൽ ഇതിനകം കാമറകൾ സ്ഥാപിച്ച് കഴിഞ്ഞു. ഈ സംവിധാനം വഴി സ്റ്റേഷൻ മാസ്റ്റർമാർക്ക് അവരുടെ ഓഫീസ് മുറിയിലിരുന്ന് കാമറ ഫീഡുകൾ വഴി തത്സമയം ഓരോ ഗേറ്റിന്റെയും അവസ്ഥ മനസിലാക്കാൻ കഴിയും എന്നതാണ് പ്രധാന സവിശേഷത.
ട്രെയിനുകൾ നീങ്ങുന്നതിന് മുമ്പ് ഗേറ്റുകൾ അടച്ചിട്ടുണ്ടോ അല്ലെങ്കിൽ തുറന്ന് കിടപ്പുണ്ടോ എന്ന് കണ്ടെത്താൻ സ്റ്റേഷൻ മാസ്റ്റർമാർക്ക് സാധിക്കും. ഭാവിയിൽ ഇന്റർലോക്ക് ചെയ്യാത്ത എല്ലാ ഗേറ്റുകളിലും ഇത്തരം കാമറകൾ സ്ഥാപിക്കാനാണ് റെയിൽവേ തീരുമാനം.ഇന്റർലോക്ക് ചെയ്യാത്ത ഗേറ്റുകളിൽ ഇന്റർനെറ്റ് പ്രോട്ടോകോൾ കാമറകളാണ് സ്ഥാപിക്കുന്നത്.
ഇതിന്റെ കൺട്രോളിംഗ് എല്ലായിടത്തും സ്റ്റേഷൻ മാസ്റ്റർമാരുടെ മുറിയുമായി ബന്ധിപ്പിക്കും. ഇതിനായി പ്രത്യേക മോണിറ്ററുകളും സ്റ്റേഷൻ മാസ്റ്റർമാരുടെ മുറിയിൽ സ്ഥാപിക്കും. ഇതുവഴി ട്രെയിൻ നീങ്ങുന്നതിന് മുമ്പ് സ്റ്റേഷൻ മാസ്റ്റർക്ക് ഗേറ്റിന്റെ അവസ്ഥ വ്യക്തമായി കാണാനും സാധിക്കും.മാത്രമല്ല ഇത്തരം ഗേറ്റുകളിൽ ഡ്യൂട്ടിക്കിടെ പുറത്ത് നിന്നുള്ളവർ ഗേറ്റ് മാൻമാരെ തടസപ്പെടുത്തുന്നത് ഉൾപ്പെടെ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കുന്നത് കാമറ റിക്കാർഡിംഗുകൾ ഉപയോഗപ്രദമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഗേറ്റ്മാൻമാരുടെ ഭാഗത്ത് നിന്ന് എന്തങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുന്നതിനും നടപടികൾ എടുക്കുന്നതിനും കാമറ സംവിധാനം ഉപകരിക്കും. സിഗ്നലിംഗ് സംവിധാനവുമായി യാന്ത്രികമായോ വൈദ്യുതപരമോ ആയി ബന്ധിപ്പിച്ചിട്ടില്ലാത്തവയാണ് നോൺ ഇന്റർലോക്കിംഗ് ഗേറ്റുകൾ.ഇത്തരം ഗേറ്റുകളിൽ ട്രെയിനുകൾ വരുമ്പോൾ സ്റ്റേഷൻ മാസ്റ്റർമാർ മുന്നറിയിപ്പായി സന്ദേശം കൈമാറുകയാണ് പതിവ്. ഇത് കൂടാതെ രഹസ്യ കോഡ് നമ്പർ കൂടി കൈമാറുമ്പോഴാണ് ഗേറ്റിൽ ഡ്യൂട്ടിയുള്ള ജീവനക്കാർ ഗേറ്റ് അടയ്ക്കും.
എന്നാൽ ഇന്റർലോക്ക്ഡ് ലവൽ ക്രോസിംഗുകളിൽ ഗേറ്റിന്റെ ലോക്കിംഗ് സംവിധാനം ട്രെയിൻ സിഗ്നലിംഗ് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഗേറ്റ് സുരക്ഷിതമായി അടച്ചതിന് ശേഷം മാത്രമേ ട്രെയിനുകൾക്ക് സഞ്ചാര അനുമതിക്കുള്ള സിഗ്നലുകൾ ഓട്ടോമാറ്റിക്കായി ലഭിക്കുകയുള്ളൂ.
- എസ്.ആർ. സുധീർ കുമാർ
