കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്ര അവസാനിച്ച ട്രെയിനില്‍ ബ്രിട്ടീഷ് വനിത മറന്നുവെച്ച പണവും പാസ്പോര്‍ട്ടും അടങ്ങിയ ബാഗ് മോഷണം പോയ സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടില്‍ നിന്ന് കൊച്ചി സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം ബംഗളൂരു- എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ എത്തിയതായിരുന്നു ഇംഗ്ലണ്ടില്‍ നിന്നുള്ള ലുവാന തെരേസ. ട്രാവല്‍ ബാഗില്‍ 22,000 രൂപയും ഐ ഫോണും പാസ്പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു.
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സുഹൃത്ത് ജോവാന കൂപ്പര്‍ക്കൊപ്പം എയര്‍കണ്ടീഷന്‍ കോച്ചിലായിരുന്നു സഞ്ചരിച്ചത്. ഇന്നലെ വൈകിട്ട് 6.32ന് ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബാഗ് മറന്നുവച്ച് ഇരുവരും ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴാണ് ബാഗില്ലെന്ന കാര്യം മനസിലാക്കി തിരിച്ചെത്തി കോച്ചില്‍ പരിശോധന നടത്തിയത്. അപ്പോഴേക്കും ബാഗ് മോഷണം പോയിരുന്നു. തുടര്‍ന്നാണ് എറണാകുളം സൗത്ത് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
