പരവൂർ: ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്ന രീതി “ട്രേഡ് സീക്രട്ട്’ ആണെന്നും അതിനാൽ ഇത് വെളിപ്പെടുത്താനാകില്ലെന്നും ഇന്ത്യൻ റെയിൽവേ.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ റെയിൽവേ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.നിരക്കുകൾ കണക്കാക്കുന്ന രീതി “വ്യാപാര രഹസ്യവും’ വാണിജ്യ വിശ്വാസ്യതയുമുള്ള കാര്യവുമാണെന്നാണ് റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.
നിരക്ക് ഈടാക്കുന്നത് ക്ലാസ് അടിസ്ഥാനമാക്കിയാണ്. വ്യത്യസ്ത ക്ലാസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നിരക്കുകളിൽ വ്യത്യാസം ഉണ്ടാകുക സ്വാഭാവികമാണെന്നും റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കി.എന്നിരുന്നാലും വ്യത്യസ്ത ക്ലാസുകളിലെ നിരക്ക് നിശ്ചയിക്കലും വർഗീകരണവും സംബന്ധിച്ച രീതി ശാസ്ത്രത്തിന്റെ നയസംവിധാനം വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്തവകാശം എന്നിവയുടെ മേഖലയിലാണ് വരുന്നതെന്നും മറുപടിയിൽ റെയിൽവേ ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഇക്കാര്യം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് റെയിൽവേയുടെ വാദം.ദേശീയ സുരക്ഷ, വ്യാപാര രഹസ്യങ്ങൾ, വ്യക്തിഗത സ്വകാര്യത തുടങ്ങിയ സെൻസിറ്റീവ് ഡാറ്റകൾ സംരക്ഷിക്കുന്നവ എന്നിവ വെളിപ്പെടുത്തേണ്ടതില്ലാത്ത വിവരങ്ങൾ ആർടിഎ നിയമത്തിലെ സെക്ഷൻ എട്ടിലെ പട്ടികയിൽ ഉണ്ടെന്നും റെയിൽവേ വ്യക്തമാക്കി.മാത്രമല്ല ടിക്കറ്റ് നിരക്കുകളുടെ വില നിർണയ രീതി വെളിപ്പെടുത്തരുതെന്നുള്ള കമ്മീഷൻ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകളും റെയിൽ മന്ത്രാലയം നൽകിയ മറുപടിയിൽ എടുത്തു പറഞ്ഞിട്ടുമുണ്ട്.
ഒരു വാണിജ്യ യൂട്ടിലിറ്റിയായി പ്രവർത്തിക്കുന്നതിന് അപ്പുറം ദേശീയ താത്പര്യത്തിന് അനുസൃതമായി സാമൂഹിക ബാധ്യതകളും തങ്ങൾ നിറവേറ്റുന്നുണ്ടെന്നുമാണ് ഇക്കാര്യത്തിൽ റെയിൽവേ നൽകുന്ന വിശദീകരണം.ഈ സാഹചര്യത്തിൽ പൊതുതാത്പര്യങ്ങൾ മുൻനിർത്തി വിശദമായ വിലനിർണയ സംവിധാനങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്നുമാണ് റെയിൽ മന്ത്രാലയം അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളത്.
മാത്രമല്ല സർക്കാർ സ്ഥാപനം എന്ന നിലയിൽ ലഭിക്കുന്ന ലാഭം സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് റെയിൽവേ അത് വിനിയോഗിക്കുന്നത്.സ്വകാര്യ സംരംഭങ്ങളുടെ കാര്യത്തിലെന്നപോലെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ലാഭം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നും മന്ത്രാലയം മറുപടിയിൽ ചൂണ്ടിക്കാട്ടി.
- എസ്.ആർ. സുധീർ കുമാർ
