അമേരിക്കയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ജോലി ഉപേക്ഷിച്ച് പ്രായമായ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ നാട്ടിലേക്ക് മടങ്ങി മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥൻ. മൈക്രോസോഫ്റ്റിൽ എക്സൽ കോപൈലറ്റ് ആൻഡ് ഏജന്റിക് എഐ വിഭാഗം എൻജിനീയറിങ് വൈസ് പ്രസിഡന്റായിരുന്ന കേശവൻ ഷൺമുഖമാണ് തന്റെ 23 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയിൽ നിന്നും പടിയിറങ്ങിയത്. ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“മൈക്രോസോഫ്റ്റിലെ 23 വർഷങ്ങൾക്ക് ശേഷം, ഇന്ത്യയിലെ എന്റെ പ്രായമായ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ഞാൻ ഇന്ന് വിരമിക്കുന്നു,” കേശവൻ ലിങ്ക്ഡ്ഇനിൽ കുറിച്ചു. എക്സൽ കോപൈലറ്റിലെ ആവേശകരമായ ജോലിയും പ്രിയപ്പെട്ട സഹപ്രവർത്തകരെയും വിട്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെങ്കിലും, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക എന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേശവന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കുടുംബത്തിന് ആദ്യ പരിഗണന നൽകിയ അദ്ദേഹത്തിന്റെ സ്നേഹത്തെയും ധൈര്യത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. “ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ ഉത്തരവാദിത്തങ്ങളിൽ പലതും ഒരു റെസ്യുമിലും ഇടംപിടിക്കില്ല, പക്ഷേ അവ നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള അടയാളങ്ങൾ അവശേഷിപ്പിക്കും” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.

