ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നുവോ മമതയുടെ അനന്തിരവനെതിരേ പാളയത്തില്‍ പട, പ്രധാനമന്ത്രി കസേര സ്വപ്‌നം കാണുന്ന മമതയുടെ രണ്ട് എംപിമാര്‍ ബിജെപിയില്‍, ബംഗാളില്‍ താമര വിരിയിക്കാന്‍ കുതന്ത്രങ്ങളുമായി അമിത് ഷായും

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ തലയെടുപ്പുള്ള നേതാവാണ് മമതാ ബാനര്‍ജി. ബംഗാളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഭരിച്ച സിപിഎമ്മിനെ എന്നെന്നേക്കുമായി തൂത്തെറിഞ്ഞാണ് അവര്‍ 2011ല്‍ അധികാരത്തിലെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓരോ വര്‍ഷം കഴിയുന്തോറും സിപിഎം ബംഗാളില്‍ നാമാവശേഷമാകുകയും ചെയ്തതോടെ കാര്യങ്ങള്‍ മമതയുടെ നിയന്ത്രണത്തിലായി. സംസ്ഥാനത്ത് കോണ്‍ഗ്രസ് പണ്ടേ ദുര്‍ബലമായിരുന്നു. ബിജെപിക്കാകട്ടെ കാര്യമായ വേരുകളുമില്ല.

കാര്യങ്ങള്‍ പക്ഷേ മാറിമറിയുകയാണെന്നാണ് ബംഗാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി തങ്ങളുടെ അടിത്തറ വിപുലമാക്കുന്നതിന്റെ ഭീഷണി ഒരുവശത്ത്. മറുവശത്ത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കലാപം തുടങ്ങിയതാണ് മമതയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ തൃണമൂലിനു രണ്ടു സിറ്റിംഗ് എംപിമാരായാണ് നഷ്ടമായിരിക്കുന്നത്.

ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നെങ്കില്‍ അടുത്തയാള്‍ കാവിവഴിയിലാണ്. ലോക്‌സഭാംഗം സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ബോല്‍പുര്‍ എംപി അനുപം ഹസ്രയും കാവി പാളയത്തിലേക്കെന്നാണ് സൂചന. ഹസ്രയെ പാര്‍ട്ടി വിരുദ്ധ നടപടിയുടെ പേരില്‍ പുറത്താക്കി. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാല പ്രഫസറാണ് ഹസ്ര. പാര്‍ട്ടി നേതൃത്വത്തിനെതിരെ സംസാരിച്ചതിനാണ് ഹസ്രയെ പുറത്താക്കിയത്.

സൗമിത്ര ഖാനേയും തൃണമൂല്‍ പുറത്താക്കിയിരുന്നു. എന്നാല്‍ ഖാന്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതിനു പിന്നാലെ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ധര്‍ മേന്ദ്ര പ്രധാന്‍, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. പശ്ചിമബംഗാളിലെ ബിഷ്‌നുപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍നി ന്നാണ് ഖാന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മമതയുടെ അടുത്ത ബന്ധുവും എംപിയുമായ അഭിഷേക് ചൗധരി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതില്‍ മുന്‍നിര നേതാക്കളെല്ലാം അസ്വസ്ഥരാണ്. ബിജെപി കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ് ബംഗാളില്‍. എന്നാല്‍ തലയെടുപ്പില്ലാത്ത നേതാക്കന്മാരില്ലാത്തതിനാല്‍ തൃണമൂലിലെ അസംതൃപ്തരെ കൂടെകൂട്ടാന്‍ ബിജെപി അരയും തലയും മുറുക്കി രംഗത്തുണ്ട്.

മമതയുടെ മുന്‍ വിശ്വസ്തന്‍ മുകുള്‍ റോയി ഇപ്പോള്‍ ബിജെപിയുടെ ബംഗാളിലെ മുഖമാണ്. തൃണമൂലുകാരെ കാവിവഴിയിലെത്തിക്കാന്‍ നീക്കം നടത്തുന്നത് റോയിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് മമത വലിയ മത്സരം നേരിടേണ്ടി വരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

Related posts