തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ സ്റ്റോറിന്റെ മുറികൾ വില്പന നടത്തിയതിൽ അഴിമതിയുണ്ടെന്ന് കാണിച്ചു നൽകിയ കേസിൽ സ്റ്റോർ പ്രസിഡന്റായിരുന്ന കല്ലിങ്കീൽ പദ്മനാഭൻ ഉൾപ്പടെ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. തളിപ്പറന്പ് മജിസ്ട്രേറ്റ് ശ്രീജയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
കല്ലിങ്കീൽ പദ്മനാഭന് പുറമെ കോൺഗ്രസ് പ്രവർത്തകരായ കെ. ദാമോദരൻ, വി.വി. നാണു, മാത്യു തോമസ് എന്ന മാത്തച്ചൻ എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കേസിൽ ആകെ ആറ് പ്രതി കളാണുണ്ടായിരുന്നെങ്കിലും രണ്ടുപേർ വിചാരണവേളയിൽ മരിച്ചിരുന്നു.
2004 ലാണ് തളിപ്പറമ്പ് ടെമ്പോ സ്റ്റാൻഡിനു പിറകുവശത്തെ തളിപ്പറമ്പ് സഹകരണ സ്റ്റോറിന്റെ ഗ്രൗണ്ട് ഫ്ലോറിലെ മുറികൾ 29 ലക്ഷത്തിന് വില്പന നടത്തി യത്. സ്റ്റോറിനുണ്ടായ ബാങ്ക് ബാധ്യത പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു വില്പന. അന്ന് സ്റ്റോറിന്റെ പ്രസിഡന്റായിരുന്നു കല്ലിങ്കീൽ പദ്മനാഭൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തളിപ്പറന്പ് സഹ. ബാങ്ക് പ്രസിഡന്റുമായിരുന്നു. മുറികളുടെ വില്പനയിൽ അഴിമതിയുണ്ടെന്ന് കാണിച്ച് കോൺഗ്രസ് പ്രവർത്തകനായ പി.വി. നാരായണൻ കുട്ടി മാരാറായിരുന്നു സഹകരണ വകുപ്പിന് പരാതി നൽകിയത്.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും സഹകരണ ജോയിന്റ് രജിസ്ട്രാർ തളിപ്പറന്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. 2004ൽ ആണ് വില്പന നടന്നതെങ്കിലും 2011ലായിരുന്നു പരാതി നൽകിയത്. പ്രതികൾക്കുവേണ്ടി അഡ്വ. വി എ.സതീഷ് ഹാജരായി.
