കോട്ടയം: സിംബാബ്വെയിലെ ഹരാരെയിൽ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി ആരോണ്‍ ജോര്‍ജും. സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന്റെ റണ്‍മലയെ താണ്ടി സെഞ്ച്വറി തിളക്കത്തില്‍ ഇന്ത്യയെ ഫൈനലിലേക്ക് വഴികാട്ടിയത് കോട്ടയത്ത് ജനിച്ച് ഹൈദരാബാദില്‍ കളിച്ചുവളര്‍ന്ന ആരോണിന്റെ ബാറ്റിംഗായിരുന്നു.
കൊച്ചുമകന്റെ പ്രകടനം ടിവിയില്‍ കാണാനായതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് ആരോണിന്റെ അമ്മ പ്രീതിയുടെ മാതാപിതാക്കളായ കോട്ടയം കീഴ്ക്കുന്ന് എലിപ്പുലിക്കാട്ടുകടവ് വാക്കുപറമ്പില് വി.ജെ. തോമസും ഭാര്യ സാറാ ജോര്‍ജും. ആറു വയസുമുതൽ കൊച്ചുമകന് ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നതായും നാലാംക്ലാസ് മുതല്‍ പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ച് കളിച്ചാണ് ആരോണിന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നതെന്നും ക്രിക്കറ്റാണ് അവനെല്ലാമെന്നും ഇരുവരും പറയുന്നു.
ആരോണിന്റെ മാമ്മോദീസായ്ക്ക് ശേഷം കുടുംബം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ക്രിക്കറ്റിനെ ആരോണും ആരോണിനെ ക്രിക്കറ്റും ചേര്‍ത്തുപിടിച്ചു. ഹൈദരാബാദില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് ആരോണ്‍. മാവേലിക്കര സ്വദേശിയായ സാനു വര്‍ഗീസാണ് പിതാവ്. സഹോദരി: അനന്യ.
- റോബിൻ ഏബ്രഹാം ജോസഫ്
