പേരൂര്ക്കട: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്ത്തകന്റെ പരാതിയില് പോലീസ് കേസെടുത്തു. മാണിക്കല് എടത്തറ ഒഴുകുംപാറ അഞ്ചേക്കര് ഹൗസില് അഷ്റഫിന്റെ മകന് അല് അമീന്റെ പരാതിയിലാണ് കേസ്.
യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10നു വൈകുന്നേരം 5 ന് അൽ അമീന് കോളജ് കാന്പസിൽ നിന്നു പുറത്തേക്ക് വരുമ്പോള് അഞ്ചംഗസംഘം യുവാവിനെ അസഭ്യം പറയുകയും ഹെല്മെറ്റ് കൊണ്ട് മൂക്കിനിടിക്കുകയും അടിവയറ്റില് ചവിട്ടുകയും നിലത്തുവീണശേഷം വീണ്ടും സംഘം ചേര്ന്ന് ചവിട്ടിപ്പരിക്കേല്പ്പിക്കുകയും ചെയ്തു.
തന്റെ സുഹൃത്ത് തെരഞ്ഞെടുപ്പില് വിജയിച്ച പ്രതികാരമാണ് തന്നോടു തീര്ത്തതെന്നാണ് അല് അമീന് പറയുന്നത്. ഒരാള് ചുവപ്പും മറ്റൊരാള് നീലയും ടീഷര്ട്ട് ധരിച്ചവരാണ്. കൂടാതെ മൂന്നുപേര്കൂടി ഇവര്ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടാല് തിരിച്ചറിയാമെന്നും അല്അമീന് പോലീസിനോടു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇയാള് കിള്ളിപ്പാലം പിആര്എസ് ആശുപത്രിയില് ചികില്ത്സ തേടി. സംഭവത്തില് കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.