വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി പരിഗണിക്കണം ! കുഞ്ഞിന് മേലുള്ള അവകാശത്തിന് നിയമപരമായ വിവാഹം നിര്‍ബന്ധമല്ലെന്നും ഹൈക്കോടതി…

വിവാഹിതരാവാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതര്‍ക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിതരായ ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനല്‍കി.

എന്നാല്‍, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനല്‍കിയ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ കുഞ്ഞിനെ അവര്‍ക്കു തിരികെനല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്ന് കോടതി ഓര്‍മപ്പെടുത്തി. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കുഞ്ഞിനുമേല്‍ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിര്‍ബന്ധമല്ല.

2018ലെ പ്രളയ ദുരിതാശ്വാസ സമയത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അടുത്ത യുവതിയും യുവാവും ഒരുമിച്ചു താമസിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്.

കുഞ്ഞിന്റെ ജനനശേഷം യുവാവ് യുവതിയുമായി അകന്നപ്പോള്‍ യുവതി കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയും അവര്‍ കുഞ്ഞിനെ ദത്തു നല്‍കുകയും ചെയ്തിരുന്നു.

പിന്നീട് 2021ല്‍ വീണ്ടും ഒന്നു ചേര്‍ന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ തിരികെ വേണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. അത് റിവിഷന്‍ ഹര്‍ജിയായി സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാല്‍ കുഞ്ഞിനെ ദത്ത് നല്‍കാനുള്ള രേഖ അന്തിമമാക്കും മുമ്പ് സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു.

ഇവിടെ മാതാവിന്റെ മാത്രം സമ്മതമേ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ ദത്തും നിയമപരമല്ലെന്ന് കോടതി അറിയിച്ചു.

Related posts

Leave a Comment