അവിവാഹിതയായ യുവതി വീട്ടിനുള്ളില്‍ പ്രസവിച്ചു ! കുഞ്ഞിനെ പറമ്പില്‍ കുഴിച്ചിട്ടു;വിവരം പുറത്തായപ്പോള്‍ കുട്ടി ചാപിള്ളയെന്ന് ബന്ധുക്കള്‍;കുഞ്ഞിനെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ്…

അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ പിതാവും വല്യച്ഛനും ചേര്‍ന്ന് വീടിനു പിന്നില്‍ തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു. പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പോലീസിനു ചോര്‍ന്നു കിട്ടിയത്. ബന്ധുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രസവിച്ചത് ചാപിള്ളയെ ആയിരുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ ഇതു വിശ്വാസത്തിലെടുക്കാത്ത പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും.

കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനിക്കാട് വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. പട്ടികജാതി കോളനിയില്‍ ഇന്ന് രാവിലെ ആണ് അവിവാഹിത വീടിനുള്ളില്‍ പ്രസവിച്ചത്. ഈ സമയം കുട്ടിയുടെ അച്ഛനും അയാളുടെ പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയില്‍ കുളിച്ചു കിടന്ന മകള്‍ക്ക് അരികിലുണ്ടായിരുന്ന കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് മാതാവിനെ മാറ്റി കിടത്തിയ ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് പിറകില്‍ സംസ്‌കരിക്കുകയായിരുന്നു.

യുവതിയുടെ നില വഷളായതിനാല്‍ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതി ഇപ്പോള്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ അഡ്മിറ്റാണ്. മാതാപിതാക്കളും ഇവിടെ തന്നെയുണ്ട്. കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കുഴിമാന്തി കുഞ്ഞിനെ പുറത്തെടുക്കും. ഇന്ന് ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.മകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി മകള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് പിതാവ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റേതുകൊലപാതകം ആണെന്ന് തെളിഞ്ഞാല്‍ മാതാവ് അടക്കം അറസ്റ്റിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Related posts