ന്യൂഡൽഹി: ചൈനയിലെ ഉൾപ്രദേശങ്ങളിലുള്ള മരുഭൂമിയിൽ യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള വൻ സൈനികകേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ ആണവായുധ ശേഖരത്തിനുനേരേ അമേരിക്കയുടെ ഭാഗത്തുനിന്ന് ആദ്യമുണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും, ശക്തമായി തിരിച്ചടിക്കാനുമുള്ള സൈനികശേഷി ഉറപ്പാക്കാനുമാണ് ചൈനയുടെ നീക്കമെന്നാണു സുരക്ഷാനിരീക്ഷകർ വിലയിരുത്തുന്നത്.
തങ്ങളുടെ ആണവ മിസൈലുകൾ അമേരിക്കയിലെ ഏതു നഗരത്തെയും ലക്ഷ്യംവയ്ക്കാൻ ശേഷിയുള്ളവയാണെന്നാണ് ചൈനയുടെ അവകാശവാദം. ഇതിനുപിന്നാലെയാണ്, ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ആണവ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന നിലയങ്ങൾക്കു സമീപം ലോഞ്ച് പാഡുകൾ, ബങ്കറുകൾ, വാർത്താവിനിമയകേന്ദ്രങ്ങൾ എന്നിവയടങ്ങുന്ന വലിയ സൈനികശൃംഖലകളുടെ നിർമാണം പുരോഗമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നത്. ഉപഗ്രഹചിത്രങ്ങൾ സഹിതം റോയിട്ടേഴ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ചൈനയുടെ മൊബൈൽ മിസൈൽ ലോഞ്ചറുകൾക്കും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന എൺപതിലധികം ലോഞ്ച് പാഡുകളാണ് ചിത്രങ്ങളിൽ ദൃശ്യമാകുന്നത്. ഇലക്ട്രോണിക് യുദ്ധമുറകൾ, ഉപഗ്രഹ ആശയവിനിമയം, കമാൻഡ് ഓപ്പറേഷനുകൾ എന്നിവയ്ക്കായി ഉപയോഗിച്ചേക്കാവുന്ന അത്യാധുനിക സംവിധാനങ്ങളും ഇതിനു സമീപമുണ്ടെന്ന് ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ച സുരക്ഷാ വിദഗ്ധർ വിലയിരുത്തി.
അത്യാധുനിക പ്രതിരോധസന്നാഹം
തായ്വാന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണു പുതിയ ആണവമത്സരം. മിസൈൽ നിലയങ്ങൾക്കു ചുറ്റുമുള്ള കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മരുഭൂമിയിലാണ് പുതിയ സജ്ജീകരണങ്ങൾ. ഇത് ചൈനയുടെ തന്ത്രപ്രധാനമായ ആണവ പ്രതിരോധ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതാണെന്നാണ് സൈനിക വിദഗ്ധകരുടെ അഭിപ്രായം.
തങ്ങൾക്കുനേരേ ആണവാക്രമണം ഉണ്ടായാൽ മാത്രം തിരിച്ചടിക്കുക എന്ന ചൈനയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ നിർമാണങ്ങൾ. അന്തർവാഹിനികളിൽനിന്നും വിമാനങ്ങളിൽനിന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ ചൈനയ്ക്കു ശേഷിയുണ്ടെങ്കിലും, സിൻജിയാംഗ് മേഖലയിലെയും ഗാൻസു പ്രവിശ്യയിലെയും മിസൈൽ നിലയങ്ങളാണ് ചൈനീസ് ആണവ ശക്തിയുടെ പ്രധാന കേന്ദ്രം. ചൈനയുടെ ആണവ ശാക്തീകരണത്തെ പാശ്ചാത്യ രാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തായ്വാൻ വിഷയത്തിൽ ബാഹ്യ ഇടപെടലുകൾ പരിമിതപ്പെടുത്താൻ ചൈന തങ്ങളുടെ ആണവശേഷി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയേക്കാമെന്നും ചില നയതന്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
തായ്വാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു. വിയോജിപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവ് സംഭവിച്ചാൽ ഇരുരാജ്യങ്ങളും അപകടകരമായ സാഹചര്യത്തിലേക്കു നീങ്ങുമെന്നായിരുന്നു ഷി ജിൻപിംഗിന്റെ മുന്നറിയിപ്പ്. എന്നാൽ, പുതിയ ആണവശേഷി വർധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
മരുഭൂമിയിലെ അഷ്ടഭുജ സൈനിക കേന്ദ്രങ്ങൾ
അഷ്ടഭുജാകൃതിയിലുള്ള സൈനിക കേന്ദ്രങ്ങളാണു നിർമാണത്തിലിരിക്കുന്നത്. ഹാമിയിലെ ആണവ മിസൈൽ നിലയങ്ങളിൽനിന്നും യഥാക്രമം 140 കിലോമീറ്ററും 230 കിലോമീറ്ററും മാറിയാണ് ഈ അഷ്ടഭുജകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഉപഗ്രഹചിത്രങ്ങൾ പ്രകാരം അഷ്ടഭുജകേന്ദ്രങ്ങളിൽ സൈനികർക്കുള്ള താമസസൗകര്യങ്ങളും വലിയ സൈനിക വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങളുമുണ്ട്. ഇവയ്ക്ക് ഇരുവശത്തുമായി കവചിത ബങ്കറുകൾ, സുരക്ഷിതമായ ആയുധ സംഭരണശാലകൾ, വ്യോമതാവളങ്ങൾ, റെയിൽവേ പാതകൾ എന്നിവയുമുണ്ട്.
റെയിൽ-റോഡ് ശൃംഖലകളെ മിസൈൽ നിലയങ്ങളും കോൺക്രീറ്റ് ലോഞ്ച് പാഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയുള്ള ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തുന്നു. ചൈന തങ്ങളുടെ മിസൈൽ നിലയങ്ങൾക്കു ചുറ്റും ശക്തമായ പ്രതിരോധ ശൃംഖല തീർക്കുന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ് ലബോറട്ടറി ഡയറക്ടർ ഹാൻസ് ക്രിസ്റ്റൻസൻ പറഞ്ഞു.
ഹുവോയൻ-1 ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള, മുന്നറിയിപ്പ് സംവിധാനങ്ങൾ ചൈന ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശത്രുരാജ്യത്തിന്റെ മിസൈൽ വിക്ഷേപണം നടന്ന് 90 സെക്കൻഡിനുള്ളിൽ കണ്ടെത്താനും കമാൻഡ് സെന്ററിനു നിർദേശം നൽകാനും സാധിക്കും.
അതുകൊണ്ട് തന്നെ ചൈനീസ് മിസൈൽ നിലയങ്ങൾക്കുനേരേ ആക്രമണം എത്തുന്നതിന് മുൻപ് തന്നെ തിരിച്ചടിക്കാൻ ചൈനയ്ക്ക് ആവശ്യത്തിന് സമയം ലഭിക്കുമെന്നാണ് പെന്റഗൺ വിലയിരുത്തുന്നത്. 2030-ഓടെ ചൈനയുടെ ആണവ പോർമുനകളുടെ എണ്ണം ആയിരത്തോളമെത്തുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.
