ആര്‍ഷ രണ്ടാഴ്ച മുമ്പ് കോളജ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട വീഡിയോ ചര്‍ച്ചയാകുന്നു; അന്ന് പോസ്റ്റ് ചെയ്ത വീഡിയോ ഒരു മനുഷ്യനെ കഴുത്തറത്തു കൊല്ലുന്നത്; അയല്‍പ്പക്കം വിട്ടുള്ളവരോട് അസാധാരണ അടുപ്പം കൃഷ്ണന്‍ പുലര്‍ത്തിയിരുന്നു

തൊടുപുഴ:വണ്ണപ്പുറത്ത് കൂട്ടക്കൊലയ്ക്ക് ഇരയായ കുടുംബത്തിലെ അംഗമായ ആര്‍ഷ രണ്ടാഴ്ച മുമ്പ് കോളജ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട വീഡിയോ ചര്‍ച്ചയാകുന്നു. ഒരു മനുഷ്യനെ കഴുത്തറത്തു കൊല്ലുന്ന ഭീകരദൃശ്യമാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആര്‍ഷ പോസ്റ്റ് ചെയ്തത്.

മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു.

ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സാപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതായാണു സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരം. ഇതിനു ശേഷം അധികം വൈകാതെ കൊല നടന്നിട്ടുണ്ടാകുമെന്നാണു പൊലീസ് കരുതുന്നത്.

രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു. തൊടുപുഴ ഗവ. ബിഎഡ് കോളജില്‍ ഒന്നാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിഎ എക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഎഡിനു ചേര്‍ന്നത്.

അതേസമയം, കമ്പകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും കൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പു വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു കൃഷ്ണനെന്നു വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സജീവന്‍ പറഞ്ഞു.

പൊതുപരിപാടികള്‍ക്കെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന്റെ വാക്കുകളില്‍ ആരും വീണുപോകുമെന്നു വണ്ണപ്പുറം നിവാസികള്‍ പറയുന്നു. അയല്‍ക്കാരോട് അടുപ്പമില്ലായിരുന്നെങ്കിലും വീടിന്റെ പരിസരം വിട്ടുള്ളവരോട് നല്ല ബന്ധമാണ് കൃഷ്ണന്‍ പുലര്‍ത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

Related posts