പരിയാരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഇന്ന് പുലർച്ചെ നാലോടെയാണ് ഡിസ്ചാർജായി പത്തനംതിട്ടയിലെ വീട്ടിലേക്ക് കാറിൽ പോയത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലാണ് പോയത്. ആരോഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മര്‍ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ തീരുമാനം എടുത്തത്.
മന്ത്രിയുടെ ചികിത്സാ വിവരങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറിയിട്ടുണ്ട്. വീട്ടിലെത്തിയ ശേഷം തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തേടും. വീണാ ജോർജിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്നലത്തെ മെഡിക്കൽ ബുള്ളറ്റിനിൽ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് വിവരം. ഇതിനിടയിലാണ് ഡിസ്ചാർജായത്.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മന്ത്രി തിരിഞ്ഞുനിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പോലീസ് പിടിച്ചു മാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്പസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്നു പരിയാരത്തേക്ക് മാറ്റുകയുമായിരുന്നു.ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
