ചെന്നൈ: വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക രാഷ്ട്രീയപ്പോരാട്ടം കടുത്ത സാഹചര്യത്തിൽ നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉലകനായകൻ കമൽഹാസനെ രംഗത്തിറക്കി ഡിഎംകെ. തമിഴ്നാട്ടിലുടനീളം ഡിഎംകെയുടെ താരപ്രചാരകനായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മാറിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജിക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് കമൽഹാസൻ ഉയർത്തിയത്.
കോയമ്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. പട്നയിലും ആഗ്രയിലും നൽകുന്ന ഇളവുകൾ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിക്കപ്പെടുന്ന കോയമ്പത്തൂരിന് എന്തുകൊണ്ടു നിഷേധിക്കുന്നുവെന്നു താരം ചോദിച്ചു. അഴിമതി ആരോപണങ്ങളെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സെന്തിൽ ബാലാജി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ചെന്നൈയിലെ പ്രചാരണത്തിലും കമൽഹാസൻ സജീവമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ പ്രചാരണം തുടങ്ങിയ അദ്ദേഹം, കായിക മേഖലയിൽ ഉദയനിധി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിനെ ഭരണകക്ഷിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാക്കി മാറ്റുന്നു.
സിനിമയിലെ തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, യുവാക്കൾക്കും സ്ത്രീകൾക്കുമിടയിലുള്ള തന്റെ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുമ്പോൾ, ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളായ ടി നഗറിലും വില്ലിവാക്കത്തിലും തന്റെ വിശ്വസ്തരെയാണ് വിജയ് കളത്തിലിറക്കിയിരിക്കുന്നത്. ഡിഎംകെയുടെ ശക്തമായ സഖ്യത്തിന് വിജയ്യുടെ വരവു തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു നടനും മുഖ്യമന്ത്രി പദവിയിലെത്താൻ സാധിച്ചിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത് എന്നിവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടി നേരിട്ടവരാണ്. ഈ ചരിത്രം വിജയ് തിരുത്തുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. അഴിമതിക്കെതിരേ മൂന്നാം ബദൽ എന്ന ലക്ഷ്യത്തോടെ പാർട്ടി രൂപീകരിച്ച കമൽഹാസൻ, ബിജെപിയെ നേരിടാൻ ഡിഎംകെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി തമിഴ്നാട്ടിലുടനീളം കമൽഹാസൻ താരപ്രചാരകനായി രംഗത്തുണ്ട്.
