സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്ന തിരക്കിൽ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്ന അമ്മയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ ഓൺലൈനിൽ കടുത്ത അമർഷം പുകയുന്നു. പാലത്തിന്റെ അരികിലേക്ക് കുഞ്ഞ് അപകടകരമായി ഇഴഞ്ഞുനീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ യുവതി ക്യാമറയ്ക്ക് മുന്നിൽ സ്വന്തം റീൽസ് ചിത്രീകരിക്കുന്നതിൽ മുഴുകിയിരിക്കുമ്പോൾ, പുറകിലൂടെ ഇഴഞ്ഞുനീങ്ങിയ കുഞ്ഞ് പാലത്തിന്റെ അറ്റത്തേക്ക് അടുക്കുകയായിരുന്നു. എന്നാൽ അപകടം തിരിച്ചറിഞ്ഞ വഴിപോക്കനായ ഒരു വ്യക്തി തത്ക്ഷണം ഇടപെട്ട് കുഞ്ഞിനെ വേഗത്തിൽ വാരിയെടുത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി സ്വന്തം കുട്ടികളുടെ ജീവൻ പണയം വെക്കുന്ന മാതാപിതാക്കളുടെ മനോഭാവത്തെ നിരവധി ആളുകൾ വിമർശിച്ചു. പൊതുസ്ഥലങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കുട്ടികളെ ഒറ്റയ്ക്ക് വിടുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
അതേസമയം, സംഭവത്തിന്റെ കൃത്യമായ സ്ഥലമോ തീയതിയോ വ്യക്തമല്ല. ഇത്തരം വീഡിയോകൾ ചിത്രീകരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കളുടെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു
